ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക് താന്ത്രിക് ജനതാദളും (എൽജെഡി) ജനതാദള്‍ എസും (ജെഡിഎസ്) തമ്മില്‍ ലയിക്കണമെന്ന സിപിഎമ്മിന്റെ നിര്‍ദേശം ഉടന്‍ നടക്കില്ല.
നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ ഇതു സംബന്ധിച്ചു എല്‍ജെഡി തീരുമാനിക്കുകയുള്ളൂ. ജെഡിഎസുമായി ലയിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് അത്ര താല്പര്യമില്ലാത്തതാണ് കാരണം.
ജനതാദള്‍ എസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ബിജെപി അനുകൂലനിലപാടാണ് എല്‍ജെഡിയെ പിന്നോട്ട് നയിക്കുന്നത്. ഏതായാലും നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകള്‍ ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
വടകര, കൂത്തുപ്പറമ്പ്, കല്‍പ്പറ്റ സീറ്റുകളും കോഴിക്കോട് രണ്ട് സീറ്റുകളും തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ചോദിക്കുന്നത്. എന്നാല്‍ ശ്രേയംസ്കുമാര്‍ നേതൃത്വം നല്കുന്ന എല്‍ജെഡിക്ക് അഞ്ചു സീറ്റുകള്‍ നല്‍കുമെന്നാണ് അറിയുന്നത്.
വടകരയ്ക്കു വേണ്ടി ജനതാദള്‍ എസ് അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും ഇതു വിട്ടുനല്‍കാന്‍ സിപിഎം തയാറാകില്ലെന്നാണ് അറിയുന്നത്.
വടകര സീറ്റ് ഒരുതരത്തിലും വിട്ടുനല്‍കില്ലെന്നും വേണമെങ്കില്‍ ജനതദാളില് ലയിക്കാനുമാണ് പാര്‍ട്ടി മുന്‍ പ്രസിഡന്റ് മാത്യു ടി തോമസ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഒരുതരത്തിലും ഇപ്പോള്‍ ലയനമില്ലെന്ന നിലപാടിലാണ് എല്‍ജെഡി.
ജോസ് കെ. മാണിക്ക് പാലാ സീറ്റു പോലെ എല്‍ജെഡിക്ക് വടകര സീറ്റ് പ്രധാനപ്പെട്ടതാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇതിന്റെ പേരില്‍ ഒരു വിട്ടുവീഴചയ്ക്കുമില്ലെന്നും എല്‍ജെഡി വ്യക്തമാക്കുന്നു.
വടകരയ്ക്കു പുറമേ കൂത്തുപ്പറമ്പ് സീറ്റ് എല്‍ജെഡിക്ക് നല്‍കും. ഇപ്പോഴത്തെ എംഎല്‍എയും മന്ത്രിയുമായ ശൈലജടീച്ചറിനെ അഴിക്കോട്ടേക്കു മാറ്റുന്നതിനു ധാരണയായിട്ടുണ്ട്.
ആര്‍ജെഡിയുമായി സഹകരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ദേശീയ നേതൃത്വവുമായുള്ള ബന്ധം എല്‍ജെഡി സംസ്ഥാന ഘടകം ഉപേക്ഷിച്ചത്. എന്‍ഡിഎയുമായി സഹകരിക്കുന്ന ബന്ധം വേണ്ടെന്ന നിലപാടിലാണ് എല്‍ജെഡി ഉണ്ടായത്.
സിപിഎം നിര്‍ദേശപ്രകാരം ലയിക്കുന്നതിന്റെ ഭാഗമായി ജനതാദള്‍-എസ് നേതാവ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും, ലോക് താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എന്നാല്‍ ഇതു പാതിവഴിയില്‍ വച്ചുനിലച്ചിരിക്കുകയാണ്. 2009 ല്‍ എല്‍ഡിഎഫ് വിടുംവരെ വീരേന്ദ്രകുമാറും കൂട്ടരും ദേവഗൗഡ നയിക്കുന്ന ജനതാദള്‍ എസില്‍ ആയിരുന്നു.
അവിടെ നിന്നും എസ്ജിഡി ഉണ്ടാക്കുകയും ശേഷം ജെഡിയുവിലേക്ക് പോയ ഇവര്‍ പിന്നീട് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് ജെഡിയു വിട്ടത്.
പിന്നീട് ശരത് യാദവ് രൂപീകരിച്ച ലോക് താന്ത്രിക് ജനതാദളില്‍ ചേര്‍ന്നു. ദേശീയ നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന ലയന ചര്ച്ചകകള്ക്ക് കെ. കൃഷ്ണന് കുട്ടിയാണ് നേതൃത്വം നല്‍കുന്നത്.
2009 മുതല്‍ യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന വീരേന്ദ്രകുമാറും കൂട്ടരും കഴിഞ്ഞ വര്‍ഷമാണ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയത്.