പൊൻകുന്നം: മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എൽ.കെ. അഡ്വാനി തേക്കടിക്കുള്ള യാത്രാമധ്യേ ഉച്ചയൂണ് കഴിച്ചത് എലിക്കുളത്ത്. എലിക്കുളം മടുക്കക്കുന്ന് സ്പൈസ് വില്ലേജ് റിസോർട്ടിലായിരുന്നു ഭക്ഷണവും വിശ്രമവും.
ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് നെടുമ്പാശേരിയിൽ നിന്ന് അഡ്വാനിയും മകൾ പ്രതിഭയും എലിക്കുളത്ത് എത്തിയത്. റിസോർട്ട് ഉടമ ജോസ് ഡൊമിനിക്കും ഭാര്യ അനീറ്റയും ചേർന്ന് സ്വീകരിച്ചു. നാടൻ ചാമ്പങ്ങയും പഴച്ചാറും നൽകി സ്വീകരിച്ചു. കുത്തരിച്ചോറും മത്തങ്ങാ എരിശേരിയുമായി കേരളത്തനിമയുള്ള സദ്യയാണ് കഴിച്ചത്. പുളിശേരി, തൈര്, പപ്പായ, മുരിങ്ങയില തോരൻ, ചമ്മന്തി, പനംപാനി, പഴം എന്നിവയായിരുന്നു വിഭവങ്ങൾ. റിസോർട്ട് മാനേജർ പി.എ. ദേവസ്യായുടെ മേൽനോട്ടത്തിൽ റെജി ജോർജാണ് അഡ്വാനിക്കുള്ള ഭക്ഷണമൊരുക്കിയത്.
ഒരാഴ്ച തേക്കടിയിൽ സ്പൈസ് വില്ലേജ് റിസോർട്ടിലാണ് താമസിക്കുന്നത്. ജില്ലാപോലീസ് മേധാവി പി.എസ്. സാബു, ഡിവൈഎസ്പിമാരായ പാർഥസാരഥി പിള്ള, സി.ജി. സനൽകുമാർ, സക്കറിയ മാത്യൂസ് തുടങ്ങിയവരും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരി, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത്, ആർ. കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അഡ്വാനിയെ സ്വീകരിച്ചു.