വി.എസ്. ഉമേഷ്
കൊച്ചി: ലക്ഷദ്വീപിലെ വൈദ്യുതിമേഖലയെ സമ്പൂര്‍ണമായി സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ടെന്‍ഡറുകള്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് കഴിഞ്ഞദിവസം യൂണിയന് ടെറിട്ടറി ഓഫ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പുറത്തിറക്കി.
ലക്ഷദ്വീപിലുള്ള വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുള്ള ലൈസന്‍സുമടക്കം സ്വകാര്യമേഖലയ്ക്കു നല്‍കാനാണ് നീക്കം.
കേന്ദ്രഭരണ പ്രദേശമായതിനാല്‍ എതിര്‍പ്പു കുറയുമെന്ന പ്രതീക്ഷയിലാണ് അവിടെ ഇത്തരമൊരു നീക്കം നടത്തുന്നതിനു പിന്നിലെന്നാണ് സൂചന.
നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് ലക്ഷദ്വീപിലെ വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുള്ള ലൈസന്‍സുള്ളത്. ഏകദേശം അറുനൂറു കോടിയോളം രൂപയുടെ ആസ്തിയാണ് കമ്പനിക്കുള്ളത്.
വിറ്റഴിക്കുന്നത് 100 ശതമാനം ഓഹരികൾ
നിലവില്‍ വൈദ്യുതിയുടെ വിതരണത്തിനും ചില്ലറ വില്പനയ്ക്കും ഉത്തരവാദിയായ കമ്പനിയുടെ 100 ശതമാനം ഓഹരികളും വാങ്ങുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
ജനുവരി മൂന്നിനാണ് ടെന്‍ഡര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. മാര്‍ച്ച് 21 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
എന്തെങ്കിലും സംശയങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ ജനുവരി 17 വരെ സമയമുണ്ട്. ഇതിനുശേഷം സംശയദൂരീകരണത്തിനും മറ്റുമായി പ്രീ-ബിഡ് മീറ്റിംഗ് ജനുവരി 24നും നടക്കും. മാര്‍ച്ച് 28ന് ടെന്‍ഡറുകള്‍ തുറക്കും.
പ്രപ്പോസലിനൊപ്പം വേണ്ട കാര്യങ്ങളും ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ടെന്‍ഡര്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഫീസിനത്തില്‍ (റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍(ആര്‍എഫ്പി) ഡോക്യുമെന്റ്സ്) അഞ്ചുലക്ഷവും ജിഎസ്ടിയുമാണ് നല്‍കേണ്ടത്.
കമ്പനി വില്ക്കുമ്പോള് അഞ്ചുശതമാനം സെക്യൂരിറ്റിയായി നല്‍കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ ബിഡ് സെക്യൂരിറ്റിയായി 30 കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കണം.
കവരത്തിയിലെ ഇലക്ട്രിസിറ്റി ഡിവിഷന് ഓഫീസിലെ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ പേരിലാണ് നോട്ടീസ് ഇറക്കിയിട്ടുള്ളത്.
എതിർപ്പുകൾ ശക്തിയാർജിക്കില്ലെന്ന് പ്രതീക്ഷ
നേരത്തെ ഉത്തര്‍പ്രദേശും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരമൊരു നീക്കം നടന്നിരുന്നുവെങ്കിലും സമരത്തെ തുടര്‍ന്നു സര്‍ക്കാരുകള്‍ പിന്‍വാങ്ങിയിരുന്നു.
എന്നാല്‍ അഡ്മിനിസ്ട്രേറ്ററുടെ ഭരണ നിയന്ത്രണത്തിലുള്ള, കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ ഇത്തരമൊരു നീക്കം നടത്തുമ്പോള്‍ എതിര്‍പ്പുകളുയര്‍ന്നാലും ശക്തിയാര്ജിക്കില്ലെന്ന പ്രതീക്ഷയാണ് ഭരണ നേതൃത്വത്തിന്.
ദ്വീപില്‍ കഴിഞ്ഞയിടെ പ്രതിഷേധങ്ങള്‍ക്കിടെയും പല പദ്ധതികള്‍ നടപ്പിലാക്കാന്‍ ഭരണനേതൃത്വത്തിനു കഴിഞ്ഞിരുന്നു.
വൈദ്യുതി മേഖലയിലെ സമ്പൂര്‍ണ സ്വകാര്യവത്കരണം നടപ്പാക്കാനായാല്‍ പതുക്കെയെങ്കിലും മറ്റിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കാനും അതുവഴി കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ വഴികള്‍ തുറന്നുകൊടുക്കാന്‍ കഴിയുമെന്നുമാണ് ഭരണനേതൃത്വങ്ങളുടെ പ്രതീക്ഷ.