വിശാഖപട്ടണം: മകളെ മാനഭംഗപ്പെടുത്തിയ പ്രതിയുടെ കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേരെ വെട്ടിക്കൊന്ന് പിതാവ്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ ജുട്ടഡ ഗ്രാമത്തിലാണു സംഭവം. ബട്ടിന അപ്പല രാജുവാണു കൂട്ടക്കൊലപാതകം നടത്തിയത്. ഇന്നലെ യാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
ബമ്മിഡി രമണ(60), ഉഷാ റാണി(35), അല്ലു രമാദേവി(53), എൻ. അരുണ(37), ഉഷാറാണിയുടെ മക്കളായ ഉദയ്(രണ്ട്), ഉർവിഷ(ആറു മാസം) എന്നിവരാണു കൊല്ലപ്പെട്ടത്.
കൊലപാതകത്തിനുശേഷം അപ്പല രാജു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വലിയ അരിവാൾകൊണ്ടാണ് അപ്പല രാജു ആറു പേരെയും വെട്ടിക്കൊന്നത്.
ഇയാളുടെ മകളെ ഈ കുടുംബത്തിലെ വിജയ് എന്നയാൾ വിവാഹംവാഗ്ദാനം നല്കി രണ്ടു വർഷംമുന്പ് മാനഭംഗപ്പെടുത്തിയതായി ആരോപണമുയർന്നു.
ഇതു ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും വിജയ്ക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് വിജയ് മറ്റൊരാളെ വിവാഹം ചെയ്തു. തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു.
2018 ൽ തുടങ്ങിയ പ്രശ്നങ്ങലാണ് ഇപ്പോൾ കൂട്ട ക്കൊലയിൽ കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വിജയ്യുടെ ഭാര്യയും കുട്ടികളും അച്ഛനും അമ്മായിമാരുമാണു കൊല്ലപ്പെട്ടത്. വിജയ് സംഭവസമയം വീട്ടിലില്ലായിരുന്നു.