തിരുവനന്തപുരം: കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തയാള്‍ പൊലീസ് പിടിയിലായി. എറണാകുളം മരട് സ്വദേശി സുനിൽകുമാർ ആണ് ഷാഡോ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പോലിസ് ആണ് ഇയാളെ തിരിച്ചറിഞ്ഞത്. പോക്കറ്റടിക്കാരനായ ഇയാളെ മുമ്പും റെയിൽപോലിസ് പിടിച്ചിട്ടുണ്ട്. ഇയാൾ സ്ഥിരമായി ട്രെയിനുകളില്‍ മോഷണം നടത്തുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് തമ്പാനൂരിലെ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡിലായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കാഴ്ചശക്തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനെ സമീപിച്ചയാൾ ലോട്ടറികള്‍ നോക്കാനെന്ന മട്ടില്‍ വാങ്ങിയ ശേഷം ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി മുങ്ങുകയായിരുന്നു. 23 ടിക്കറ്റുകളാണ് ഇയാൾ മോഷ്ടിച്ചത്.
പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ലോട്ടറി വില്പനക്കാരന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സെന്‍ട്രല്‍ സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷണം സ്ഥിരീകരിച്ചശേഷം ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ പുറത്ത് വിടുകയായിരുന്നു. ഇതോടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.