കട്ടപ്പന: ടൗണില്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ലൈസന്‍സോ ശുചിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ലോഡ്ജ് പൂട്ടാന്‍ നഗരസഭയും പോലീസും നടപടി സ്വീകരിച്ചു. ലോഡ്ജില്‍ അനാശാസ്യവും പിടിച്ചുപറിയും നടക്കുന്നതായുള്ള പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് ലോഡ്ജിന്റെ പ്രവര്‍ത്തനത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഇടുങ്ങിയ ഓരോ മുറിക്കുള്ളിലും പത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ താമസിപ്പിച്ച് വന്‍തുക വാടകയായി വാങ്ങുന്നതായും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊതുനിരത്തുകളിലേക്ക് ഒഴുക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തി. വന്‍തുക ഈടാക്കി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നതിനും ലോഡ്ജില്‍ സൗകര്യമൊരുക്കി നല്‍കുന്നുണ്ടെന്നും പറയുന്നു. കെണി അറിയാതെ ലോഡ്ജില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം അപഹരിക്കുന്നതായും പരാതിയുണ്ട്.
കഴിഞ്ഞദിവസം പിഎസ്സി പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി ഇവിടെയെത്തി മുറിയെടുത്ത ഉദ്യോഗാര്‍ഥികളെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചതായും പരാതിയുണ്ടായി. ലോഡ്ജില്‍ പരിശോധന നടത്തിയ മുനിസിപ്പല്‍ അധികൃതര്‍ ലോഡ്ജിനു ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി.
അനധികൃതമായും അപകടകരമായും പ്രവര്‍ത്തിക്കുന്ന ലോഡ്ജ് പൂട്ടാന്‍ നഗരസഭയും ആരോഗ്യവകുപ്പും നോട്ടീസ് നല്‍കി. ലോഡ്ജില്‍ താമസിക്കാനെത്തിയവരെ ആക്രമിച്ച കേസില്‍ ലോഡ്ജ് ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചപ്പോള്‍ ലോഡ്ജ് ഉടമ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്. വൃത്തിഹീനവും അനധികൃതവുമായി പ്രവര്‍ത്തിക്കുന്ന ലോഡ്ജിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്.