തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം.
വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. പാലക്കാട് മണ്ണാർക്കാട് മേഖലയിൽ ഇന്നലെ ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
വൈദ്യുതി നിയന്ത്രണത്തിന്റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും. അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
താനും വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി വൈദ്യുതി ഉപയോഗം കുറച്ചു. ഓഫീസിലെ 2 എ സി ഒന്നായി കുറച്ചു. ഉപഭോക്താക്കൾ രാത്രി സ്വയം നിയന്ത്രണം ഏർപ്പെടുത്തണം.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡിംഗ് ഏർപ്പെടുത്താതെ മറ്റ് മാർഗങ്ങളില്ലെന്ന് കെഎസ്ഇബി അറിയിച്ചു. സർക്കാരിന് ഇത് സംബന്ധിച്ച് വീണ്ടും ശിപാർശ നൽകും. രണ്ടു ദിവസത്തെ ഉപഭോഗം വിലയിരുത്തും. മറ്റു നിയന്ത്രണങ്ങൾ ഫലപ്രദമാകില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
ജനങ്ങൾ അനുകൂലമായി പ്രതികരിക്കുന്നില്ല എന്നും രണ്ടുദിവസത്തെ ഉപയോഗം നോക്കി വീണ്ടും ലോഡ് ഷെഡിംഗിന് ശിപാർശ നൽകുമെന്നും കെഎസ്ഇബി പറയുന്നു. ജനങ്ങളുടെ എസി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ഉപയോഗത്തിൽ കുറവ് വരില്ലെന്നും കെഎസ്ഇബി പറയുന്നു.
കഴിഞ്ഞ ദിവസം ലോഡ്ഷെഡിംഗിലേക്ക് പോകേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ബദൽ നടപടികളുമായി മുന്നോട്ടു വരാൻ ബോർഡിനോട് ആവശ്യപ്പെട്ട സർക്കാർ ലോഡ് ഷെഡിംഗ് നടപ്പാക്കാനുള്ള കെഎസ്ഇബിയുടെ നിർദേശം നിരസിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ബോർഡ് അധികൃതരുമായി വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.