ഇരുപതാം നൂറ്റാണ്ടിന്റെ താജ്മഹൽ എന്നാണ് ലോട്ടസ് ടെന്പിളിന്റെ വിളിപ്പേര്. ആധുനിക ഇന്ത്യയിൽ തലസ്ഥാന നഗരിയിലെ മറ്റൊരു വാസ്തു വിസ്മയം.
പാതി വിരിഞ്ഞൊരു താമരയുടെ രൂപത്തിലാണ് ബഹായ് വിശ്വാസികളുടെ ഈ ആരാധാനാലയം നിൽക്കുന്നത്.
ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ എന്നും മുൻനിരയിൽ ലോട്ടസ് ടെന്പിളുമുണ്ട്.
കോവിഡ് പ്രതിസന്ധിക്കു മുൻപ് വർഷം അരക്കോടിയിലേറെയായിരുന്നു ലോട്ടസ് ടെന്പിളിലെ സന്ദർശകരുടെ എണ്ണം. തെക്കൻ ഡൽഹിയിലെ കൽക്കാജിയിലാണ് സന്ദർശകരുടെ ഇഷ്ട ഇടമായ ലോട്ടസ് ടെന്പിൾ നിലകൊള്ളുന്നത്.
ബഹായി വിശ്വാസപ്രകാരമുള്ള ആരാധാനാലയം ആണെങ്കിലും മതസൗഹാർദത്തിന്റെ സന്ദേശം പരത്തിയാണ് ലോട്ടസ് ടെന്പിൾ എന്നും നിലകൊണ്ടിട്ടുള്ളത്.
അതിന്റെ പ്രതീകമെന്നോണം എല്ലാ ദിവസവും പല സമയങ്ങളിലായി സർവമത പ്രാർഥനകളുമുണ്ട്.
1986-ൽ കനേഡിയൻ വാസ്തുവിദഗ്ധനായ ഫരിബോഴ്സ് സാഹ്ബയാണ് ലോട്ടസ് ടെന്പിളിന്റെ ശിൽപി.
ലോട്ടസ് ടെന്പിളിന്റെ വിസ്മയ നിർമാണം സാഹ്ബയ്ക്ക് ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.
ഗ്ലോബ് ആർട്ട് അക്കാഡമി അവാർഡ് ഉൾപ്പടെയുള്ള നിരവധി ശ്രദ്ധേയ പുരസ്കാരങ്ങളാണ് അദ്ദേഹത്തിനു ലഭിച്ചത്.
അതോടൊപ്പംതന്നെ ലോട്ടസ് ടെന്പിൾ ഗിന്നസ് ലോക റിക്കാർഡിലും എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിലും ഇടം പിടിച്ചു.
വെള്ള മാർബിളിൽ തീർത്തിരിക്കുന്ന ലോട്ടസ് ടെന്പിൾ മാർബിൾ കൊണ്ടുതന്നെയുള്ള 27 താമര ഇതളുകൾക്കുള്ളിലാണ്.
മൂന്ന് അടരുകളിലായാണ് ഈ ഇതളുകൾ ക്രമീകരിച്ചിരിക്കുന്നത്. അകത്തളത്തിലേക്ക് പ്രവേശനത്തിനായി ഒൻപതു കവാടങ്ങളുണ്ട്.
വിശാലമായ ഉൾവശത്ത് ഒരേസമയം 2500 പേർക്ക് ഇരിക്കാം. ഗ്രീസിൽ നിന്നും എത്തിച്ച മാർബിളാണ് തറയിൽ പാകിയിരിക്കുന്നത്.
26 ഏക്കറോളം വരുന്ന ഉദ്യാനത്തിനകത്താണ് ലോട്ടസ് ടെന്പിൾ സ്ഥിതി ചെയ്യുന്നത്. മുൻവശത്ത് ഭംഗിയുള്ള ഫൗണ്ടെനും കുളവുമുണ്ട്. ഇത്തരത്തിൽ ഒൻപത് ചെറിയ കുളങ്ങൾ ഇതിനു ചുറ്റുമായുണ്ട്.
ആർക്കിടെക്ചറൽ സൊസൈറ്റി ഓഫ് ചൈന ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നൂറു വാസ്തുശിൽപങ്ങളിൽ ഒന്നായി ലോട്ടസ് ടെന്പിളിനെ തെരഞ്ഞെടുത്തിരുന്നു.
വിയന്നയിലെ ഗ്ലോബ് ആർട്ട് അക്കാഡമി 2000-ലെ ഏറ്റവും മികച്ച വാസ്തുവിദ്യാരൂപമായും ഇതിനെ തെരഞ്ഞെടുത്തു.
• ബഹായ് മതം
1844ൽ ബഹാവുള്ള സ്ഥാപിച്ച വിശ്വാസ പാരന്പര്യമാണ് ബഹായ് ധർമം.
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പരത്തുന്ന ബഹായ് മതത്തിന് ലോകത്താകെ 60 ലക്ഷത്തിലേറെ പിൻതുടർച്ചക്കാരുണ്ട്.
ഇന്ത്യയിൽ മാത്രം 20 ലക്ഷത്തോളം ബഹായ് വിശ്വാസികൾ ഉണ്ടെന്നാണ് കണക്ക്.