പെരുമ്പാവൂർ: ഓൺലൈൻ ലോൺ ആപ് ഭീഷണിയെത്തുടർന്ന് പെരുമ്പാവൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഉത്തരേന്ത്യൻ ലോബിയെന്നു സൂചന. സംഭവത്തിൽ കുറുപ്പംപടി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി.
വേങ്ങൂർ അരുവപ്പാറ കുരിയപ്പുറം വീട്ടിൽ അനീഷിന്റെ ഭാര്യ ആരതി (31) യാണു ചൊവ്വാഴ്ച രാവിലെ 11 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലോൺ ആപ് ഭീഷണിയെത്തുടർന്നാണു യുവതി ജീവനൊടുക്കിയതെന്നു കണ്ടെത്തിയിട്ടുണ്ട്.
മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നും ആരതി ഒന്നിലേറെ ലോൺ ആപ്പുകൾ വഴി ലോൺ എടുത്തിരുന്നതായി കണ്ടെത്തി. ഇത്തരത്തിൽ എടുത്തിരുന്ന വായ്പകളിൽ ചിലത് തിരിച്ചടച്ചിരുന്നു.
വലിയൊരു തുക ലോൺ എടുക്കുന്നതിനായി പ്രോസസിംഗ് ഇനത്തിൽ ആവശ്യപ്പെട്ട ഫീസ് നൽകുന്നതിനായി മറ്റൊരു ആപ്പിൽനിന്നും വായ്പ തരപ്പെടുത്തി. തുടർന്ന് വലിയ തുകയ്ക്കായുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും തുക ലഭിച്ചില്ല. പ്രോസസിംഗ് ഫീയായി നൽകിയ തുക തിരികെ കിട്ടിയതുമില്ല. പ്രോസസിംഗ് ഫീസിനായി എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാനും സാധിച്ചില്ല.
യുവതിയെ ലോൺ ആപ് സംഘം ഭീഷണിപ്പെടുത്തിയായി കണ്ടെത്തിയിട്ടുണ്ട്. നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നത് അടക്കമുള്ള സന്ദേശങ്ങൾ ആരതിയുടെ ഫോണിലുണ്ട്.
അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്നുള്ള ആരതിയുടെ മറുപടി ഉണ്ടെങ്കിലും വീണ്ടും ഭീഷണി തുടർന്നതോടെയാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുറുപ്പംപടി പോലീസ് പറയുന്നത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഭർത്താവിന്റെയും യുവതിയുടെയും ഫോണിലേക്ക് അയച്ചതായും പറയുന്നു.
അതിനിടെ, മൂവാറ്റുപുഴ ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആരതിയുടെ മൃതദേഹം സംസ്കരിച്ചു. മക്കൾ ദേവദത്ത്, ദേവസൂര്യ.