തൃശൂർ: ലോണ് എടുക്കാത്തവരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങാൻ ലോൺ ആപ്പ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിക്കൂന്പാരം. ലക്ഷങ്ങൾ നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി യുവാക്കളടക്കമുള്ളവർ. പരാതിയിൽ കേസെടുക്കാൻ മടിച്ച് പോലീസ്.
ലോൺ ആപ്പിന്റെ ഭീഷണി ഭയന്ന് നൂറുകണക്കിന് ആളുകൾക്കാണ് ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടുന്നത്. ആപ്പിന്റെ ഭീഷണിയെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയാൽ പണം നഷ്ടപ്പെട്ടവരുടെ പരാതി മാത്രമാണു സ്വീകരിക്കുന്നത്.
അല്ലാത്തവർക്ക് ഉപദേശങ്ങളും നിർദേശങ്ങളും നല്കി തിരിച്ചയയ്ക്കുകയാണ് സൈബൽ സെൽ. ഭീഷണിമാഫിയയെ കണ്ടെത്താനാകില്ലെന്ന സാങ്കേതികത്വം പറഞ്ഞാണു പരാതികൾ സ്വീകരിക്കാത്തത്. പോലീസിന്റെ പരാതിബുക്കിൽ ഇതു രേഖപ്പെടുത്തുന്നില്ലെങ്കിലും നാട്ടിൽ ലോൺ ആപ്പിന്റെ അതിക്രമം വർധിക്കുകയാണ്.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നാണു ഭീഷണി കോളുകളും സന്ദേശങ്ങളും ഇരയുടെ മൊബൈൽ ഫോണിലേക്കു വരുന്നത്. തട്ടിക്കളയുമെന്നോ കൈകാൽ വെട്ടുമെന്നോ എന്നൊന്നുമല്ല ഭീഷണി സ്വരം. ആളുകളെ പൊതുജനമധ്യത്തിൽ മാനംകെടുത്തിയാണു പണം പിടുങ്ങുന്നത്.
കൂടുതലും സ്ത്രീകളെയാണു ലോൺ ആപ്പുകാർ ഭീഷണിക്ക് ഇരകളാക്കുന്നത്. ലോൺ എടുത്തവരുടെ മോർഫ് ചെയ്തു നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഫോട്ടോകൾ സാമൂഹ്യമാധ്യമങ്ങളിൽനിന്നാണ് ആപ്പുകാർ കൈക്കലാക്കുന്നതെന്നു പോലീസ് പറഞ്ഞു.
ലോൺ ആപ്പ് ഡൗൺലോഡ് ചെയ്യുന്നവേളയിൽതന്നെ ചിത്രങ്ങൾ ആപ്പ്മാഫിയയുടെ സെർവറുകളിൽ എത്തപ്പെടുന്ന സാങ്കേതികവിദ്യയാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ലോൺ എടുത്തില്ലെങ്കിലും ലോൺ ആപ്പ് ഫോണിൽ ഡൗൺ ലോഡ് ചെയ്തവരെയും മാഫിയകൾ ഭീഷണിപ്പെടുത്തുന്നു.
അപരിചിതവും വിദേശങ്ങളിൽനിന്നുമുള്ള കോളുകൾ എടുക്കരുതെന്നാണ് സൈബർസെൽ പറയുന്നത്. അഥവാ എടുത്തുപോയാൽ ഉടൻ ബ്ലോക്ക് ചെയ്യണമെന്നും പോലീസിൽ അറിയിക്കണമെന്നും മുന്നറിയിപ്പു നല്കുന്നു.
എന്നാൽ പലരും ലോൺ ആപ്പിന്റെ ഭീഷണിക്കു വഴങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടു കഴിഞ്ഞശേഷം മാനസികനില തെറ്റിയ അവസ്ഥയിലാണു പോലീസിൽ അഭയം തേടുന്നത്. കഴിഞ്ഞ ആഴ്ച തൃശൂരിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ട ചെറുപ്പക്കാരൻ സൈബർ സെല്ലിൽ അഭയം തേടിയത് ആത്മഹത്യക്കു തൊട്ടുമുന്പാണ്.
മരിക്കുന്നതിനു മുന്പ് പോലീസിനെ ഭീഷണിവിവരം പോലീസിനെ അറിയിക്കാൻ തോന്നിയതാണ് ആ ചെറുപ്പക്കാരന്റെ ജീവൻ രക്ഷപ്പെടാൻ ഇടയാക്കിയത്. ഇൗ സമയം പോലീസ് സ്റ്റേഷനിൽ സമാന പരാതിയുമായി നിരവധിപേർ എത്തിയതായി ചെറുപ്പക്കാരൻ പറഞ്ഞു.
അവരിൽ പലരുടെയും പണം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ നിർദേശങ്ങൾ നല്കി മടക്കി അയക്കുകയായിരുന്നു പോലീസ്.+92വിൽ തുടങ്ങുന്ന വാട്സ്ആപ്പ് കോളുകൾ എടുക്കരുതെന്നും മുന്നറിയിപ്പു നല്കുന്നു. ഇത്തരം കോളുകൾ എടുക്കുന്പോൾ അവരുടെ ഹാക്കിംഗ് ആപ്ലിക്കേഷൻ പ്രവർത്തിച്ച് ഗാലറിയിലടക്കമുള്ള ഫോണിലെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാർക്കു ലഭിക്കും.
പിന്നീട് സ്ത്രീകളുടേതടക്കമുള്ള ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് എഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവയുടെ സഹായത്തോടെ അശ്ലീല ചിത്രങ്ങളും വിഡിയോയും നിർമിക്കുന്നു. ഇതേ വ്യക്തിക്കു തന്നെ ചിത്രം അയച്ച് പണം തട്ടുകയാണ് ഇത്തരം സൈബർ കുറ്റവാളികൾ. സേവ് ചെയ്യാത്ത നമ്പറിൽനിന്നുള്ള വാട്സാപ്പ് കോളുകൾ ഒഴിവാക്കണമെന്നും സൈബർ സെൽ പറയുന്നു.
വാട്സ്ആപ്പിൽ ഇത്തരം നന്പറുകളിൽനിന്നുള്ളതും പല ആകർഷകമായ പേരുകളിൽനിന്ന് എത്തുന്നതുമായ സന്ദേശങ്ങൾ എടുക്കുന്നവും ആപ്പിലാകുന്നുണ്ട്. സന്ദേശം തുറന്നാൽ ഉടൻ നമ്മുടെ ഫോണിന്റെ കൺട്രോൾ അവരുടെ കൈകളിലാവുകയാണ്. പിന്നീട് അവർക്കിഷ്ടംപോലെ ഫോൺ പ്രവർത്തിപ്പിക്കാനാകും.
നമ്മുടെ നന്പറുകളിൽനിന്ന് അവർ തോന്നുന്നവർക്കൊക്കെ അനാവശ്യ സന്ദേശങ്ങൾ അയക്കും. ചിലപ്പോൾ നമ്മുടെ മോർഫ് ചെയ്ത ചിത്രങ്ങളും കൈമാറും. അങ്ങനെ സമൂഹത്തിൽ നമ്മളെ നാണം കെടുത്തിയും ഭീഷണികൾ ഉയർത്തുന്നുണ്ട്. ഇത്തരക്കാരുടെ ചതിയിൽപെട്ട പലരും പഴയ ഫോണുകളും നന്പറുകളും ഉപേക്ഷിച്ച് പുതിയതു വാങ്ങുകയാണ്.