കൊച്ചി: പെരുമ്പാവൂര്‍ കണിച്ചാട്ടുപാറയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയെന്ന് പ്രാഥമിക നിഗമനം.
ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ മരിച്ച ആതിരയുടെ ഫോണില്‍നിന്നും പോലീസിന് ലഭിച്ചു. ഇവരുടെ ആത്മഹത്യാക്കുറിപ്പും കിട്ടിയതായാണ് വിവരം. മൊബൈല്‍ ഫോണ്‍ പോലീസ് വിശദ പരിശോധനയ്ക്ക് കസ്റ്റഡിയിലെടുത്തു. വൈകാതെ ശാസ്ത്രീയ പരിശോധനയ്ക്കയയ്ക്കും.
ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനായാണ് യുവതി ലോണ്‍ ആപ്പ് മുഖേന പണം എടുത്തതെന്നാണ് വിവരം. ഇത് പോലീസ് പരിശോധിച്ചു വരികയാണ്. ലോണ്‍ എടുത്ത തുക തിരിച്ചടച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് യുവതിക്കു ഫോണ്‍ കോള്‍ വന്നിരുന്നു.
പണം അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തിയുള്ള വിളികളായിരുന്നു ഇതെന്നാണ് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മൊബൈല്‍ ഫോണിലേക്ക് പങ്കുവച്ചിരുന്നു.
യുവതി ജീവനൊടുക്കിയ ശേഷം ഇവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്കും ഇത്തരത്തിലുള്ള ചിത്രം അയച്ചിട്ടുള്ളതായാണ് വിവരം.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് മുഖേന പണം എടുത്തതുമൂലമുള്ള മാനസിക സംഘര്‍ഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ അനുഭവിച്ചിരുന്നതായാണ് പോലീസിന് ലഭിച്ചിട്ടുള്ള മൊഴി.