ആലുവ: ലോണിന്റെ മറവിൽ ഒൺലൈൻ തട്ടിപ്പുകൾ പതിവാകുന്നു. ആധാർകാർഡും, പാൻ കാർഡും, രണ്ടു ഫോട്ടോയുമുണ്ടെങ്കിൽ നിങ്ങൾക്ക് ഇരുപതുലക്ഷം രൂപ വരെ ഒൺലൈൻ വഴി ലോൺ കിട്ടുമെന്ന സന്ദേശമാണ് ഇരയെ തേടി ആദ്യമെത്തുന്നത്.
ഇങ്ങനെ ഒരു മെസേജ് വന്നാൽ പലവട്ടം ആലോചിക്കണം ഇല്ലെങ്കിൽ കൈയിലുള്ളത് മുഴുവൻ തട്ടിപ്പുകാർ കൊണ്ടുപോകും. കോവിഡ് കാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഒൺലൈൻ തട്ടിപ്പുകളിലൊന്നാണ് ലോണിന്റെ രൂപത്തിൽ ഇപ്പോൾ സജീവമായിരിക്കുന്നത്.
ഇതുവരെ നേരിൽ പോലും കാണാത്ത സംഘങ്ങളാണ് ഒരു പരിചയവുമില്ലാത്തവർക്ക് ലക്ഷങ്ങളുടെ ലോൺ വാഗ്ദാനവുമായ് എത്തുന്നത്.
ആദ്യം മെസേജ്
ഇത്തരം സംഘങ്ങളുമായി വാട്സാപ്പിലൂടെയോ മെയിൽ വഴിയോ ബന്ധപ്പെട്ടാൽ ലോൺ ലഭിക്കുവാൻ യോഗ്യനാണോ എന്നറിയാൻ ഫോട്ടോയും തിരിച്ചൽ കാർഡുമാണ് ഇവർ ആവശ്യപ്പെടുന്നത്.
വിവരങ്ങൾക്ക് മറുപടിയയച്ചു കഴിഞ്ഞാൽ താമസിയാതെ ലോണിന് നിങ്ങൾ അർഹരാണെന്നും പ്രോസസിംഗ് ഫീസായി ഒരു തുക അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അടുത്ത മെസേജ് ഉടൻ എത്തും.
പണം അടച്ചു കഴിഞ്ഞാൽ ലോൺ പാസായിതിൽ അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശവും എത്തും. പിന്നീട് ലോൺ ലഭിക്കുന്നതിന് ഓരോ കാരണം പറഞ്ഞ് പല ഘട്ടങ്ങളായി വലിയൊരു തുക കൈക്കലാക്കുകയാണ് ഇവരുടെ തട്ടിപ്പിന്റെ രീതി.
അടയ്ക്കുന്ന തുകയെല്ലാം തിരിച്ച് ലഭിക്കുമെന്ന് സംഘം ഉറപ്പു നൽകുകയും ചെയ്യും. ഇങ്ങനെ ലക്ഷങ്ങൾ പോയവർ നിരവധിയാണ്. എറണാകുളം ജില്ലയിൽ അമ്പതിനായിരം രൂപയുടെ ലോൺ ലഭിക്കുന്നതിന് ഒരു ലക്ഷത്തോളം രൂപ അടച്ചയാൾവരെ ഉള്ളതായി പോലീസ് പറയുന്നു.
സംഘങ്ങൾ പ്രവർത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ
പ്രമുഖ ലോൺ ദാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് ഉണ്ടാക്കി പണം തട്ടുന്നവരും നിരവധിയാണ്. ഇതര സംസ്ഥാനങ്ങളിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.
കൃത്യമായ വിലാസമോ, ഓഫിസോ അനുബന്ധ വിവരങ്ങളോ ഇല്ലാത്തതുകൊണ്ട് ഇവരെ കണ്ടെത്തുക എളുപ്പമല്ല. കോവിഡ് കാലത്ത് പണത്തിന് അത്യാശ്യമുള്ളതിനാൽ ഒൺലൈൻ ലോൺ ലഭിക്കുന്ന സൈറ്റുകൾ പരതി അവരുടെ കെണിയിൽ പെട്ടുപോകുന്നവരാണധികവും.
ഒരു പരിചയവും ഇല്ലാത്ത സംഘം ഒരു രേഖയുമില്ലാതെ ലോൺ തരാമെന്നു പറഞ്ഞ് ഒൺലൈനിൽ വരുമ്പോൾ അവരുടെ ചതിയിൽ പെട്ട് പണം കളയരുതെന്ന് എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് മുന്നറിയിപ്പു നൽകി.