മാള: താമസിക്കാൻ മൂന്നുനില മാളിക, സഞ്ചരിക്കാൻ ഓഡി, ജാഗ്വർ, പജീറോ ഉൾപ്പെടെയുള്ള മുന്തിയ ഇനം കാറുകൾ, വഴിവിട്ട ബന്ധങ്ങൾ. ഇതായിരുന്നു തട്ടിപ്പു സംഘത്തിന്റെ ആഡംബര ജീവിതരീതി. ചോദ്യം ചെയ്യലിൽ പ്രതികൾ വിവിധ കോളജുകളിൽ പഠിക്കുന്നവരാണെന്നു കണ്ടെത്തി.
തട്ടിപ്പു സംഘാംഗങ്ങളുടെ വ്യാജപേരിൽ ബംഗളൂരു വിലാസത്തിൽ വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമിച്ച് അതുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. തിരക്കേറിയ ബസ് സ്റ്റാൻഡ് പോലുള്ള സ്ഥലത്തെ ചെറിയ മൊബൈൽ ഷോപ്പുകളിൽനിന്നാണ് സിം കാർഡുകൾ എടുത്തിരുന്നത്. ഇവ ഉപയോഗിച്ചാണ് തട്ടിപ്പിനുള്ള സന്ദേശങ്ങളും മറ്റ് ഓൺലൈൻ ആവശ്യങ്ങളും നടത്തിയിരുന്നത്. ആഡംബര വാഹനങ്ങളിലെ യാത്ര ഇരകളെ വിശ്വസിപ്പിക്കാനായിരുന്നു.
ഉത്തരേന്ത്യൻ യുവതികളെ ഭാര്യമാരായി ചിത്രീകരിച്ചാണ് വാടകയ്ക്ക് വീടുകൾ എടുത്തിരുന്നത്. ഇരകളെ വിശ്വസിപ്പിക്കാൻ ഓഫീസ് എന്ന് പറയുന്ന സ്ഥലത്ത് ഈ യുവതികളെ ജീവനക്കാരായി നിർത്തുകയും ചെയ്തു.
വാടകവീട്ടിൽ പുറമെനിന്നു വരുന്നവരെ നിരീക്ഷിക്കാനായി സിസിടിവി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ക്രമീകരിച്ചിരുന്നു. ബംഗളൂരിലെ രൂപസാന്ദ്ര എന്ന സ്ഥലത്തായിരുന്നു ഇവരുടെ മൂന്നുനില മാളികവീട്.
സംഘത്തിലെ കോയന്പത്തൂരിൽ പഠിക്കുന്ന വിദ്യാർഥികൾ വാരാന്ത്യത്തിൽ ബംഗളൂരുവിലെത്തി ജീവിതം ആഘോഷിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.മലയാളികളെ മാത്രം എന്തുകൊണ്ട് തട്ടിപ്പിനായി തെരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് തട്ടിപ്പുസംഘത്തിന്റെ മറുപടി – മലയാളികൾ മാത്രമേ ഇത്തരം ഓഫറുകൾക്ക് പിന്നാലെ പോകുകയുള്ളൂ എന്ന മറുപടിയാണ് ലഭിച്ചത്.