തളിപ്പറമ്പ്: ലോൺ തരാമെന്ന് വാഗ്ദാനം നൽകി മെമ്പർഷിപ്പ് ഫീ അടച്ചെങ്കിലും നൽകിയില്ലെന്നും, അടച്ച മെമ്പർഷിപ്പ് ഫീ തിരികെ നൽകിയില്ലെന്നും സഹകരണ അസി. രജിസ്ട്രാർക്ക് പരാതി. സഹകാരിയും പൂമംഗലം സ്വദേശിയുമായ ടി.പി.മമ്മുവാണ് പൂവത്ത് പ്രവർത്തിക്കുന്ന തളിപ്പറമ്പ് ഫാർമേഴ്സ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതി നൽകിയത്.
50,000 രൂപ വായ്പക്ക് ആവശ്യപ്പെട്ട മമ്മുവിനോട് വായ്പ തരാമെന്ന് സമ്മതിക്കുകയും 500 രൂപ മെമ്പർഷിപ്പ് ഫീസ് അടക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. 2017 ഡിസംബറിലാണ് തുക അടച്ചത്. പിന്നീട് ലോൺ 2018 മാർച്ച് മാസത്തിൽ തരാമെന്ന് പറഞ്ഞെങ്കിലും തന്നില്ലെന്ന് പരാതിയിൽ പറയുന്നു. എന്നാൽ അടച്ച 500 രൂപ മെമ്പർഷിപ്പ് ഫീ തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തന്നില്ലെന്നാണ് പരാതി.
പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ കോടതിയേയോ ലീഗൽ സർവീസ് അതോറിറ്റിയേയോ സമീപിക്കുമെന്ന് പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. എന്നാൽ ടി.പി.മമ്മു രേഖാമൂലം മെമ്പർഷിപ്പ് ഫീസ് തിരികെ ചോദിച്ചിട്ടില്ലെന്നും മൂന്ന് വർഷം കഴിയാതെ തുക തിരിച്ചുനൽകാൻ കഴിയില്ലെന്നും സൊസൈറ്റി പ്രസിഡന്റ് പി.പി.മുഹമ്മദ് പറഞ്ഞു.