തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുനർനിർമാണത്തിനായി കേന്ദ്ര വായ്പ അനുവദിച്ചത് കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണെന്ന് ടി.എം. തോമസ് ഐസക്.
ഗ്രാൻഡ് ചോദിക്കുന്പോൾ വായ്പ തരുന്നുവെന്ന് ആരോപിച്ച അദ്ദേഹം പ്രതിഷേധ സ്വരത്തിൽ വായ്പയെ സ്വീകരിക്കുമെന്നും പറഞ്ഞു. ആന്ധ്ര അടക്കമുള്ളവർക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല.
ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം ചെയ്യുന്നത്. ദീർഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിതെന്നും തോമസ് ഐസക് ആരോപിച്ചു.
കേന്ദ്രം അനുവദിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും. പ്രതിഷേധമുയർന്നാൽ ബിജെപിക്കാർക്ക് പോലും കേരളത്തോടൊപ്പം നിൽക്കേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.