മാനന്തവാടി: വായ്പ എടുത്തതിന്റെ പേരിൽ ഒരു ഭാഗത്ത് ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ട് പോകുന്പോൾ വായ്പ എടുത്ത് ഒരു വർഷം തികയും മുൻപെ ഇടപാടുകാരെന്റെ വീട്ടിൽ പുലർച്ചെ എത്തി ഭീഷണി പെടുത്തിയതായി പരാതി.
മാനന്തവാടിയിലെ ജില്ലാ സഹകരണ ബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരനെതിരെ തോണിച്ചാൽ സ്വദേശി രാജേഷാണ് മാനന്തവാടി പോലീസിൽ പരാതി നൽകിയത്. എന്നാൽ ഭീഷണിപ്പെടുത്തി എന്നത് തെറ്റായ പരാതിയാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
തോണിച്ചാൽ സ്വദേശിയായ രാജേഷ് 2019 ജൂണ്‍ മാസം മാനന്തവാടിയിലെ ജില്ലാ സഹകരണ ബാങ്കിൽ നിന്നും ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ വായ്പ എടുത്തിരുന്നു. ഏഴ് വർഷത്തെ കാലാവധിക്കാണ് വായ്പ എടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ ആറോടെ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ രാജേഷിന്റെ വീട്ടിലെത്തി ലോണ്‍ തിരിച്ചടക്കാൻ ആവശ്യപ്പെടുകയും അടച്ചില്ലെങ്കിൽ വീടു സ്ഥലവും ഉണ്ടാകില്ലെന്നും ഭാര്യയുടെ മുൻപിൽ വെച്ച് ഭീഷണിപ്പെടുത്തിയതായും രാജേഷ് പരാതിയിൽ പറയുന്നു.
അതേ സമയം മാസതവണ വ്യവസ്ഥയിലാണ് രാജേഷ് വായ്പ എടുത്തതെന്നും അടവ് മുടങ്ങിയതാണ് രാജേഷിനെ അന്വേഷിച്ച് രാവിലെ എട്ടോടെ വീട്ടിൽ പോയതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.