മുണ്ടക്കയം: ഓൺലൈനിലൂടെ രണ്ടുലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് അവകാശപ്പെട്ട് യുവാവിൽ നിന്ന് 60,000 രൂപ തട്ടിയെടുത്തു.
മുണ്ടക്കയം മുറികല്ലുംപുറം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്.
ഫേസ്ബുക്കിന്റെ മാർക്കറ്റ് പേജിലാണ് ഓൺലൈനിലൂടെ ലോൺ നൽകുന്നു എന്ന സന്ദേശം യുവാവിന് ലഭിക്കുന്നത്. ഇതിന്റെ കാര്യങ്ങൾ അറിയുന്നതിനായി യുവാവ് തിരിച്ച് മെസേജ് അയച്ചു.
താങ്കളുടെ രേഖകൾ അയച്ചു തരുവാനായിരുന്നു മറുപടി ലഭിച്ചത്. ഫോൺ നമ്പർ, ആധാർ കാർഡ്, പാൻ കാർഡ്, അടക്കമുള്ള എല്ലാ രേഖകളും ഇവർക്ക് അയച്ചു നൽകി.
പിറ്റേദിവസം ബജാജ് ഫിൻസർവേ എന്ന കമ്പനിയുടെ പേരിൽ താങ്കളുടെ ലോൺ പാസായി എന്ന രീതിയിൽ വാട്സാപ്പിൽ ഒരു സന്ദേശം ലഭിച്ചു.
തുടർന്ന് ലോൺ തുകയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി 8000 രൂപ അക്കൗണ്ടിൽ അടയ്ക്കുവാൻ ഇവർ ആവശ്യപ്പെട്ടു. വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഒരു അക്കൗണ്ട് നമ്പരാണ് യുവാവിന് ലഭിച്ചത്.
ഈ തുക ഇട്ടതിനുശേഷം ലോണിന്റെ നികുതി ഇനത്തിൽ തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഇങ്ങനെ പലതവണയായി അക്കൗണ്ട് വഴിയും, ഗൂഗിൾ പേ വഴിയും അറുപതിനായിരത്തോളം രൂപ ഇവർക്ക് അയച്ചു കൊടുത്തു.
പിന്നെയും നിയമതടസങ്ങൾ പറഞ്ഞതോടെ സംശയം തോന്നിയ യുവാവ്, താനുമായി വാട്സാപ്പിൽ ബന്ധപ്പെട്ടയാളുടെ ഐഡിയും മറ്റ് കാര്യങ്ങളും തിരക്കിയപ്പോഴാണ് ഇത് വ്യാജമാണെന്ന് മനസിലായത്.
തുടർന്ന് പോലീസിലും സൈബർ സെല്ലിലും ഇയാൾ പരാതി നൽകി.