ആലപ്പുഴ: മണ്ണഞ്ചേരിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി എടിഎമ്മിലേക്ക് ഇടിച്ചുകയറി. രണ്ടുപേർക്ക് പരിക്ക്. ലോറിയിലെ ക്ലീനർ സീതത്തോട് ആങ്ങമുഴി സ്വദേശി സതീശനും എടിഎം സെക്യൂരിറ്റിക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ എടിഎം പൂർണമായും തകർന്നു.
ഇന്ന് പുലർച്ചെ 2.30 നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയുടെ നിയന്ത്രണം വിട്ട് മണ്ണഞ്ചേരി സ്കൂൾ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ എടിഎമ്മിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനറുടെ കാലിന് സാരമായി പരിക്കേറ്റു.
ആലപ്പുഴ, ചേർത്തല ഫയർസ്റ്റേഷനുകളിലെ ഓരോ യൂണീറ്റെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ക്ലീനറെ പുറത്തെടുത്തത്. എടിഎമ്മിനോട് ചേർന്നു ബാങ്കും പ്രവർത്തിക്കുന്നുണ്ട്. മണ്ണഞ്ചേരി പോലീസ് കേസെടുത്തു.മണ്ണഞ്ചേരി എടിഎമ്മിലേക്ക് ഇടിച്ചുകയറിയ ടോറസ് ലോറിയിൽ നിന്ന് ക്ലീനറെ പുറത്തെടുക്കാനുള്ള ശ്രമം.