സ്വന്തം ലേഖിക
കണ്ണൂർ: പതിനാലുകാരിയെ സഹപാഠി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിനു ഭീഷണി.
പ്രതിയായ പതിനാറുകാരന്റെ സഹോദരനാണു ഭീഷണി മുഴക്കി വിളിച്ചതെന്നു പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
കേസ് കൊടുത്ത് പതിനാറുകാരനെ അറസ്റ്റ് ചെയ്തപ്പോഴാണു ഭീഷണിമുഴക്കി ഫോൺ വന്നത്. ഇപ്പോൾ പതിനാറുകാരൻ ജാമ്യത്തിലിറങ്ങിക്കഴിഞ്ഞു.
ഭീഷണിയെത്തുടർന്ന് തങ്ങൾ കണ്ണൂരിലെ താമസം ഒഴിവാക്കിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
പോലീസിനെതിരേയും കുട്ടിയുടെ പിതാവ് രംഗത്തുവന്നു. തങ്ങളുടെ കുടുംബകാര്യങ്ങൾ ചർച്ചചെയ്തു പോലീസ് കേസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്നാണ് പിതാവിന്റെ ആരോപണം.
മകളെ പോലീസ് മാനസീകമായി പീഡിപ്പിക്കുകയാണ്. കുട്ടിയുടെ മൊഴി വിശദമായി അന്ന് പോലീസ് എടുത്തതാണ്. ഇപ്പോൾ വീണ്ടും മൊഴിയെടുക്കാൻ വിളിപ്പിച്ചിരിക്കുകയാണ്.
11 പെൺകുട്ടികളുടെ കാര്യം കുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയാനാണു വിളിപ്പിക്കുന്നതെന്നാണു പോലീസ് പറയുന്നത്.
ഈ 11 പേരുടെയും കാര്യം എന്റെ മോളോടു പറഞ്ഞത് പ്രതിയായ ആൺകുട്ടിയാണ്. അവന്റെ ഫോൺ വിശദമായി പരിശോധിച്ചാൽ തെളിവുകൾ ലഭിക്കും.
മോൾക്ക് അറിയാവുന്ന കാര്യം മോൾ പറഞ്ഞുകഴിഞ്ഞു. എന്നാൽ, പ്രതിയുടെ ഫോണിന്റെ ഡിസ്പ്ലേ പോയതിനാൽ ഫോൺ പരിശോധിക്കാൻ കഴിയില്ലെന്നാണു പോലീസ് നൽകിയ മറുപടി.
മോൾ ഇപ്പോൾ മാനസീകമായി ശരിയായി വരുന്നതേയുള്ളൂ. കൗൺസിലിംഗിന്റെയും മറ്റും ബലത്തിലാണു പിടിച്ചുനിൽക്കുന്നത്.
രണ്ടാമതും കുട്ടിയുടെ മാനസീകനില വളരെ ക്രിട്ടിക്കൽ ലെവലിലേക്കാണു പോകുന്നത്.
പോലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുക്കുകയെന്ന് പറയുമ്പോൾ കുട്ടിയെ അത് നന്നായി ബാധിക്കുമെന്നും പിതാവ് ദീപികയോട് പറഞ്ഞു.