ചണ്ഡിഗഡ്: മയക്കുമരുന്നു ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം ചർച്ചയാകുന്നു.
2016 ജൂണിലാണ് റംസാൻ (32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പോലീസും അതിർത്തി രക്ഷാ സേനയും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ റംസാൻ നടത്തിയത്.
ദ ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് പത്രം ചിത്രം സഹിതം ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
2016 ജൂണ്‍ 13നാണ് റംസാനെ മയക്കുമരുന്നുമായി ഫസിൽക ജില്ലയിലെ സോവാന അതിർത്തി ഒൗട്ട്പോസ്റ്റിൽനിന്നു പിടിച്ചത്.
ഇന്ത്യയിലെ യുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൻ തോതിൽ മയക്കുമരുന്ന് ഇവിടേക്ക് ഇറക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പഞ്ചാബ് പോലീസിനോടു വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇങ്ങനെ മയക്കുമരുന്നു കടത്തുന്ന റംസാനെപ്പോലെയുള്ളവർക്ക് അഞ്ചു ലക്ഷം രൂപയാണ് ഒരു ഓപ്പറേഷനു പ്രതിഫലമായി ലഭിക്കുന്നതെന്ന് ഫസിൽക ജില്ലാ പോലീസ് എസ്എസ്പി നരേന്ദ്ര ഭാർഗവ പറഞ്ഞു.
ഇങ്ങനെ ചെയ്യുന്നതു ജിഹാദിന്റെ ഭാഗമാണെന്നു പറഞ്ഞു പഠിപ്പിച്ചതാണ് തന്നെ ഇതിന്റെ ഭാഗമാക്കിയതെന്നു റംസാൻ വെളിപ്പെടുത്തിയെന്നും നരേന്ദ്ര ഭാർഗവ പറഞ്ഞു.
പാക് ചാരസംഘടനയായ ഐഎസ്ഐ അടക്കമുള്ള സംഘടനകളുടെ പിന്തുണയോടെയാണ് നാർക്കോട്ടിക് ജിഹാദ് നടക്കുന്നതെന്നും കടത്തുകാർക്ക് ആയുധങ്ങൾ അടക്കമുള്ളവ ഇവരാണ് നൽകുന്നതെന്നും പോലീസ് വെളിപ്പെടുത്തിയതായി ദ ട്രിബ്യൂണ്‍ റിപ്പോർട്ട് ചെയ്യുന്നു.
കേന്ദ്ര ഇന്റലിജൻസ് ഏജൻസി ഇതിനെതിരേ ജാഗ്രത പാലിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.