കറുകച്ചാൽ: പ്രണയ നൈരാശ്യത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ വളപ്പിൽ പതിനേഴുകാരിയെയും ആൺ സുഹൃത്തിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം.
സംഭവത്തിൽ പാമ്പാടി പൂതക്കുഴി ചീനിക്കടുപ്പിൽ അഖിലിനെ (22) കറുകച്ചാൽ പോലീസ് കസ്റ്റഡിയിലെടുത്തു.
വയറിനു നേരെയുള്ള കുത്ത് തടയുമ്പോൾ പെൺകുട്ടിയുടെ കൈയ്യിലാണ് പരിക്കേറ്റത്.
വീണ്ടും കുത്താൻ ശ്രമിച്ച അഖിലിനെ സുഹൃത്തും പെൺകുട്ടിയും ചേർന്ന് ബലമായി പടിച്ചു വലിച്ച് പോലീസ് സ്റ്റേഷന്റെ മുറ്റത്തെത്തിച്ചു.
നിലവിളികേട്ട രണ്ടു പോലീസുകാരാണ് ആദ്യം ഓടിയെത്തി ഇവരെ രക്ഷിച്ചത്.
പരിക്കേറ്റ് രക്തം വാർന്നൊലിച്ച പെൺകുട്ടിയെ ആശുപത്രിയിലും അഖിലിനെ സ്റ്റേഷനിലുമാക്കി.
സംഭവത്തെപ്പറ്റി കറുകച്ചാൽ പോലീസ് പറഞ്ഞതിങ്ങനെ;
പെൺകുട്ടിയും അഖിലും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഏതാനും മാസം മുൻപ് പെൺകുട്ടി അഖിലിൽ നിന്നും അകന്നു.
തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി അടുക്കുകയായിരുന്നു. ഇതോടെ അഖിലിന് ഇവരോട് കടുത്ത പകയായി.
ഇന്നലെ രാവിലെ പത്തരയോടെ പന്ത്രണ്ടാംമൈലിൽ നിന്നും സുഹൃത്തിനൊപ്പം കറുകച്ചാലിലേക്ക് പെൺകുട്ടി ബസിൽ പോകുന്നത് കണ്ട അഖിൽ പിന്നാലെ ബൈക്കിൽ കറുകച്ചാലിലെത്തി.
പെൺകുട്ടിയും സുഹൃത്തും കടയിൽ കയറിയപ്പോൾ പിന്നാലെയെത്തി പ്രശ്നമുണ്ടാക്കി.
തുടർന്ന് പരാതി കൊടുക്കാനായി പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പിന്നാലെ എത്തിയ അഖിൽ കത്രിക കൊണ്ട് കുത്തുകയായിരുന്നു.
പെൺകുട്ടിയുടെ കൈയ്യിൽ നാല് തുന്നിക്കെട്ടുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.