കെവിനെ തട്ടിക്കെണ്ടു പോകാനെത്തിയ നീനുവിന്റെ സഹോദരനും സംഘത്തിനും കെവിന് താമസിച്ചിരുന്ന മാന്നാനത്തെ വീട് കാണിച്ചു കൊടുത്തത് ഭരണകക്ഷിയുടെ യുവജനസംഘടന പ്രവര്‍ത്തകര്‍ തന്നെയെന്ന് പോലിസിന് വിവരം ലഭിച്ചതായി സൂചന. പ്രതികള്‍ കുമാരനല്ലൂരിലുള്ള പ്രദേശിക നേതാക്കളെയാണ് ആദ്യം ബന്ധപ്പെട്ടത്. അവരാണ് മാന്നാനത്തെ ബാങ്കില്‍ ജോലി ചെയ്യുന്ന യുവജനസംഘടനാ പ്രവര്‍ത്തകനെ പരിചയപ്പെടുത്തിയത്.
അദ്ദേഹത്തെപ്പോയി കണ്ടാല്‍ മതിയെന്നും കുമാരനല്ലരിലെ പ്രാദേശിക നേതാവ് അറിയിച്ചു. എന്നാല്‍ ജീവനക്കാരന്റെ ഫോണ്‍ നമ്പര്‍ പ്രതികള്‍ ചോദിച്ചെങ്കിലും ഈ നേതാവ് കൊടുത്തില്ല. നിങ്ങള്‍ അങ്ങോട്ടു പോയ്ക്കോളുക ഞാന്‍ വിളിച്ചു പറഞ്ഞേക്കാം എന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ശനിയാഴ്ച രാവിലെ 10.30 ഓടെ പ്രതികള്‍ ബാങ്കില്‍ വന്ന് ഈ പ്രവര്‍ത്തകന്റെ പേരു പറഞ്ഞ് അന്വേഷിച്ചു. തുടര്‍ന്ന് പ്രവര്ത്തകന് പുറത്തേക്കിറങ്ങി വന്ന് പ്രതികളുമായി സംസാരിച്ചു.
ഇയാളാണ് കെവിന് താമസിച്ചിരുന്ന മാന്നാനത്തെ വീട് കാണിച്ചു കൊടുത്തുവെന്നാണു പുതിയ അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന വിവരം എന്നാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് ശേഷം അന്വേഷണ സംഘം ബാങ്കിലെത്തി പ്രതികള്‍ പ്രവര്‍ത്തകനായ ജീവനക്കാരനുമായി സംസാരിക്കുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നുമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.