കൊച്ചി: എന്തിനും ഏതിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന ഇക്കാലത്ത് എല്ലാ ആപ്പുകള്‍ക്കും ലൊക്കേഷന്‍ അനുമതി നല്‍കേണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്.
നമ്മുടെ ഓരോ നീക്കവും പല രീതിയിലും ട്രാക്ക് ചെയ്യപ്പെടാം എന്നതാണ് പോലീസ് മുന്നറിയിപ്പിനുള്ള കാരണം. ചില ആപ്പുകള്‍ക്ക് അവയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് ലൊക്കേഷന്‍ അനുമതി വേണം. അനാവശ്യമായി ലൊക്കേഷന്‍ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളുമുണ്ട്.
ആപ്പുകള്‍ ഓപ്പണ്‍ ചെയ്ത്, ഉപയോഗിക്കുമ്പോള്‍ മാത്രം ലൊക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും ഉണ്ട്. ഏതൊക്കെ ആപ്പുകള്‍ക്ക് ലൊക്കേഷന്‍ ഡാറ്റ കാണാനാകുമെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണെന്നാണ് പോലീസിന്റെ മുന്നറിയിപ്പിലുള്ളത്.
ഈ ആപ്പുകള്‍ക്ക് ലൊക്കേഷന്‍ അനുമതി നല്‍കാം
മാപ്പിംഗ് ആപ്പുകള്‍ക്ക് ദിശാസൂചനകള്‍ നല്കാന് ലൊക്കേഷന്‍ ആക്സസ് ആവശ്യമാണ്. കാമറ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പലപ്പോഴും ലൊക്കേഷന്‍ ചോദിക്കാറുണ്ട്. ഫോട്ടോ മെറ്റാഡാറ്റയിലേക്ക്, ഫോട്ടോകള്‍ എടുക്കപ്പെട്ട ലൊക്കേഷന്‍ ചേര്‍ക്കണോ എന്ന് ചിലപ്പോള്‍ അനുമതി ചോദിക്കും. ഇത് അത്യാവശ്യമല്ല. എന്നാല്‍ ഈ ഡാറ്റ ഉണ്ടെങ്കില്‍ ഫോട്ടോകള്‍ കണ്ടെത്താന്‍ എളുപ്പമാകും.
യാത്രക്കും മറ്റും ടാക്സി പിടിക്കാനുള്ള ആപ്പുകള്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള ആപ്പുകള്‍ തുടങ്ങിയവയ്ക്ക് ലൊക്കേഷന്‍ ഡാറ്റ ആവശ്യമാണെങ്കിലും ഇത് എല്ലാ സമയത്തും അനുവദിക്കേണ്ടതില്ല.അതാത് പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം അറിയാന്‍ കാലാവസ്ഥ സംബന്ധമായ ആപ്പുകള്‍ക്ക് ലൊക്കേഷന്‍ അനുമതി നല്‍കണം.
ഒരുപാട് യാത്ര ചെയ്യുകയോ കഠിനമായ കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ ജീവിക്കേണ്ട സാഹചര്യമോ ഉണ്ടായാല്‍ “വിശ്വസനീയമായ’ കാലാവസ്ഥ ആപ്പുകള്‍ക്ക് ലൊക്കേഷന്‍ ആക്സസ് നിശ്ചിത കാലയളവില്‍ നല്‍കാം.സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് നമ്മള് പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ ജിയോടാഗ് ചെയ്യുന്നതിനുള്ള ലൊക്കേഷന്‍ അനുമതി മാത്രമേ സാധാരണ ആവശ്യമുള്ളൂ.
എന്നാല്‍ നമ്മെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഈ ഡാറ്റ ദുരുപയോഗം ചെയ്തേക്കാം. മാളുകളുടെയോ വലിയ വ്യവസായ സ്ഥാപനങ്ങളുടെയോ സമീപം ആയിരിക്കുമ്പോള്‍ ഉപഭോക്താവ് എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ലൊക്കേഷന്‍ ഉപയോഗിച്ചേക്കാം. ആപ്പുകളുടെ സേവനങ്ങള്‍ വിലയിരുത്തി അത്യാവശ്യം ഉള്ളവയ്ക്ക് മാത്രം ലൊക്കേഷന്‍ ആക്സസ് നല്‍കുക.
- സ്വന്തം ലേഖിക