തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നു വിദഗ്ധർ.
ഇന്നലെ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞുവരുന്നത് ഇതിന്റെ സൂചനയാണ്.
എന്നാൽ, അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ രോഗവ്യാപനത്തിൽ നേരിയ കുറവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. മേയ് ഒന്നു മുതൽ എട്ടു വരെയുള്ള കാലയളവിൽ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്.
എന്നാൽ, ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിൽ അത് 35,919 ആയി കുറഞ്ഞു.
എട്ടു ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ കുറവുണ്ടായത് വയനാട് ജില്ലയിലാണ്.
പത്തനംതിട്ട ജില്ലയിൽ രോഗവ്യാപനത്തിന്റെ നില സ്ഥായിയായി തുടരുകയാണ്.
എന്നാൽ, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുകയാണ്. കൊല്ലം ജില്ലയിൽ 23 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്.
എങ്കിലും സംസ്ഥാനത്ത് പൊതുവിൽ ആക്റ്റീവ് കേസുകളിൽ നേരിയ കുറവുണ്ടായി. 4,45,000 വരെ എത്തിയ ആക്റ്റീവ് കേസുകൾ 3,62,315 ആയി ഇന്നലെ കുറഞ്ഞു.
ലോക്ഡൗണിനു മുന്‍പു നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടേയും രാത്രി കർഫ്യൂവിന്റെയും പൊതുവേയുള്ള ജാഗ്രതയുടേയും ഗുണഫലമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം, ആ ദിവസത്തിന് ഒന്നു മുതൽ ഒന്നര ആഴ്ച വരെ മന്പു ബാധിച്ചതായതിനാൽ ലോക്ഡൗണ്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളിൽ അറിയാൻ പോകുന്നേയുള്ളു.
ഇപ്പോൾ കാണുന്ന ഈ മാറ്റം ലോക്ഡൗണ്‍ ഗുണകരമായി മാറിയേക്കാം എന്നു തന്നെയാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.