ഓമല്ലൂർ: ഓമല്ലൂരിൽ ലോക്ഡൗണ്‍ കാലത്തെ അതിഥിയായി എത്തിയ പുള്ളിമാന്റെ സംരക്ഷണം വെല്ലുവിളിയായി. ഏറെ ദിവസങ്ങളായി ആറ്റരികം വാർഡിൽ കാണപ്പെടുന്ന പുള്ളിമാൻ വളർത്തു മൃഗങ്ങൾക്കൊപ്പം തുള്ളിച്ചാടി നാട്ടിൽ വിഹരിക്കുകയാണ്.
ആർക്കും ശല്യം ഉണ്ടാക്കുന്നില്ലെങ്കിലും മാനിന്റെ സംരക്ഷണം ബാധ്യതയായി മാറുമോയെന്ന ആശങ്ക പഞ്ചായത്തിനുണ്ട്. മാനിനെ കാണുന്ന ഇടങ്ങളിൽ ചിത്രമെടുക്കാനും മറ്റുമായി ആളുകൾ എത്തുന്നുണ്ട്.
1972 ലെ വന്യജീവിസംരക്ഷണ നിയമപ്രകാരം വന്യ ജീവികളുടെ ഗണത്തിൽ ഉൾപ്പെട്ട മൃഗമാണ് പുള്ളിമാൻ. അതിനെ ഉപദ്രവിക്കുന്നതും വേട്ടയാടുന്നതും വന്യജീവി സംരക്ഷണ നിയമം 9, 51 എന്നീ വകുപ്പുകൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.
മൃഗത്തെ ജനവാസമേഖലയിൽ നിന്നും നീക്കണമെന്ന് ഗ്രാമപഞ്ചായത്ത് കോന്നി ഡിഎഫ്ഒയ്ക്കു കത്തു നൽകിയിരുന്നുവെന്ന് പ്രസിഡന്റ് ജോണ്സണ് വിളവിനാൽ പറഞ്ഞു. ഇതനുസരിച്ച് വനപാലകർ സ്ഥലത്തു സന്ദർശനം നടത്തിയിരുന്നു.
മൃഗത്തെ കാണുന്നവർ വാർഡ് മെംബറെയോ അധികാരികളെയോ അറിയിക്കണമെന്നും അതിനെ പദ്രവിക്കുന്നത് നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും പ്രസിഡന്റിന്റെ അറിയിപ്പിൽ പറയുന്നു.