ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ ജില്ലകളിൽ ആറ് മുതൽ എട്ട് ആഴ്ച വരെ ലോക്ഡൗണ്‍ തുടരണമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് മേധാവി ഡോ. ബൽറാം ഭാർഗവ.
രോഗസ്ഥിരീകരണ നിരക്ക് പത്തു ശതമാനത്തിനു മുകളിലുള്ള ജില്ലകൾ വരുംദിവസങ്ങളിലും അടഞ്ഞുതന്നെ കിടക്കണമെന്നാണ് ഐസിഎംആർ നിർദേശിച്ചത്.
കോവിഡ് വ്യാപനം തടയാൻ ഇതാവശ്യമാണെന്നാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്.
ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നുണ്ട്. ഒരു ഘട്ടത്തിൽ 35 ശതമാനം വരെ എത്തിയിരുന്നു.
ഇത് 17 ശതമാനമായി കുറഞ്ഞു. എന്നാൽ ഡൽഹിയിൽ ഉടൻതന്നെ ലോക്ഡൗണ്‍ പിൻവലിച്ചാൽ അത് ദുരന്തമായി മാറും.
രാജ്യത്തെ ജില്ലകളിൽ നാലിൽ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി പത്തുശതമാനത്തിന് മുകളിലാണ്.
ന്യൂഡൽഹി, മുംബൈ, ബംഗളൂരു ഉൾപ്പെടെ വലിയ നഗരങ്ങളും അതിതീവ്ര വ്യാപനം നേരിടുന്ന പ്രദേശങ്ങളാണ്.
പത്തു ശതമാനത്തിൽനിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനമായി താഴ്ന്നാലും അടുത്ത എട്ടാഴ്ച നിയന്ത്രണങ്ങൾ തുടരണമെന്ന് അദ്ദേഹം നിർദേശിച്ചു.