തിരുവനന്തപുരം: സംസ്ഥാനത്ത് സന്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ നിരക്ക് ഉയരുന്നത് ആശങ്ക പടർത്തുന്നു. ഇന്നലെ 118 പേർക്കു കോവിഡ് രോഗബാധ ഉണ്ടായതിൽ ആരോഗ്യ പ്രവർത്തകർ അടക്കം 14 പേർക്കു സന്പർക്കത്തിലൂടെ രോഗബാധയുണ്ടായി.
കഴിഞ്ഞ ദിവസവും മലപ്പുറത്താണ് സന്പർക്കത്തിലൂടെയുള്ള ഉയർന്ന രോഗബാധ ഉണ്ടായത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ അഞ്ചു ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സന്പർക്ക രോഗവ്യാപനം മനസിലാക്കാനായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സന്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 45,592 സാന്പിളുകൾ ശേഖരിച്ചതിൽ 43,842 സാന്പിളുകൾ നെഗറ്റീവ് ആയി.
മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ മലപ്പുറം ജില്ലയിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മലപ്പുറത്ത് എടപ്പാളിൽ ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങൾ അരമണിക്കൂറിനുള്ളിൽ കണ്ടെയ്ൻമെന്റ് സോൺ കടക്കണം. ഇടയ്ക്ക് വാഹനങ്ങൾ നിർത്താൻ പാടില്ല. മലപ്പുറത്ത് കണ്ടെയ്ൻമെന്റ് സോണുകളിൽ സമൂഹവ്യാപന പഠനം നടത്തും.
രക്തപരിശോധനയിലൂടെ 1500 പേരിൽ ആന്റിബോഡി ടെസ്റ്റ് നടത്തും. തിരുവനന്തപുരത്ത് രാത്രികാല കർഫ്യൂ ഇന്നു മുതൽ കൂടുതൽ ശക്തമാക്കും.