സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്നും നാളെയും, തുടർന്ന് ചൊവ്വ മുതൽ അടുത്ത ഞായർ വരെയും പ്രഖ്യാപിച്ചിരിക്കുന്ന ഭാഗിക ലോക്ക്ഡൗണിൽ കർശന നിയന്ത്രണങ്ങൾ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.
ഇതിനിടെ രോഗം വല്ലാതെ വർധിക്കുന്ന ജില്ലകളിൽ സന്പൂർണ ലോക്ക്ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂചന നൽകി.
ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ ആരും പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാഗിക ലോക്ക്ഡൗണ്‍ ദിവസങ്ങളിൽ അത്യാവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എല്ലാവരും വീട്ടിലിരിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്.
സിനിമ, ടെലിവിഷൻ പരന്പരകൾ, ഡോക്യുമെന്ററികൾ എന്നിവയുടെ ഇൻഡോർ, ഔട്ട് ഡോർ ഷൂട്ടിംഗ് നടത്താൻ പാടില്ല.
കടുത്ത നിയന്ത്രണങ്ങൾ; മാർഗനിർദേശം പുറത്തിറക്കി
സർക്കാർ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം അനുവദനീയമായ കാര്യങ്ങൾ ചുവടെ:
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെണ്ണൽ ക്രമീകരണങ്ങൾ, മറ്റ് അടിയന്തര സേവനങ്ങൾ ഇന്നും നാളെയും അനുവദിക്കും.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവരെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേ ശനം അനുവദിക്കൂ.
അവശ്യസേവനങ്ങൾ നൽകുന്ന കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ എന്നി വയ്ക്കും കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും അനുമതിയുണ്ട്.
മറ്റു വകുപ്പുകളിൽ അത്യാവശ്യം ജീവനക്കാർ മാത്രം. കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനായി നിയോഗിച്ചിരിക്കുന്ന സെക്ടറൽ മജിസ്ട്രേറ്റുമാർക്കും ജോലി ചെയ്യാം.
24 മണിക്കൂറും തുടർച്ചയായി പ്രവർത്തിക്കേണ്ട അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കന്പനികൾ, സ്ഥാപനങ്ങൾ. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഐഡന്റിറ്റി കാർഡ് കാണിക്കേണ്ടതാണ്.
മെഡിക്കൽ ഓക്സിജൻ വിതരണം തടസമില്ലാതെ തുടരും.
ഓക്സിജൻ ടെക്നീഷന്മാർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് ഐഡന്റിറ്റി കാർഡുമായി സഞ്ചരിക്കാം.
ഇന്റർനെറ്റ് സർവീസ് ജീവനക്കാർ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി യൂണിറ്റുകൾ എന്നിവ. ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങളിലെ അത്യാവശ്യം ജീവനക്കാർ രോഗികളും കൂട്ടിരിപ്പുകാരും, കോവിഡ് വാക്സിൻ സ്വീകരിക്കാൻ പോകുന്നവർ. മതിയായ രേഖകൾ കരുതണം.
മെഡിക്കൽ ഷോപ്പുകൾ, പത്രം, ഭക്ഷണ- പലവ്യഞ്ജ ന- പച്ചക്കറി- പഴം കടകൾ. പാൽ ബൂത്തുകൾ, ഇറച്ചി, മത്സ്യം, കള്ളുഷാപ്പുകൾ പ്രവർത്തിക്കാം.
വാഹന റിപ്പയർ, സർവീസ് കേന്ദ്രങ്ങൾ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. കടയുടമകളും ജീവനക്കാരും ഇരട്ടമാസ്കുകളും കൈയുറകളും ധരിക്കണം. രാത്രി ഒന്‍പതു വരെയേ കടകൾ പ്രവർത്തിക്കാവൂ.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽനിന്ന് പാഴ്സൽ മാത്രമേ നൽകാവൂ. ഹോംഡെലിവറി അനുവദിക്കും. രാത്രി ഒന്‍പതു വരെയേ പ്രവർത്തിക്കാവൂ.
ബാങ്കുകളിൽ പൊതുജനങ്ങൾക്കായുള്ള ഇടപാടുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. മറ്റു ജോലികൾ ഉച്ചകഴിഞ്ഞു രണ്ടു വരെ തുടരാം. ഇടപാടുകാർ പരമാവധി ഓണ്‍ലൈൻ ഇടപാടുകൾ നടത്തുക.
ദീർഘദൂര ബസ് സർവീസുകൾ, ട്രെയിൻ, വിമാന സർവീസുകൾ അനുവദിക്കും. ഇവിടങ്ങളിൽനിന്നുള്ള യാത്രക്കാരെ കൊണ്ടുവരുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കും സ്വകാര്യ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ടാക്സി എന്നിവ ഉപയോഗിക്കാം. മതിയായ രേഖകൾ കാണിക്കണം.
വിവാഹം (50 പേർ മാത്രം), ഗൃഹപ്രവേശ ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തു നടത്താം.
മൃതസംസ്കാര ചടങ്ങുകൾക്കു പരമാവധി 20 പേർ.
അതിഥിത്തൊഴിലാളികൾക്ക് അവർ ചെയ്യുന്ന ജോലികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ചെയ്യാം. വീട്ടുജോലിക്കാർക്കും രോഗികളെ ശുശ്രൂഷിക്കുന്നവർക്കും അനുമതിയുണ്ട്.
– റേഷൻ കടകൾ, സിവിൽ സ്പ്ലൈസ് കോർപറേഷൻ കടകൾ എന്നിവ പ്രവർത്തി ക്കാം.
കൃഷി, മൃഗസംരക്ഷണം, തോട്ടങ്ങൾ, വ്യവസായങ്ങൾ, ചെറുകിട- ഇടത്തരം വ്യവസായങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്താം.
ആരാധനാലയങ്ങളിൽ രണ്ടു ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന അകലം പാലിച്ച് പരമാവധി 50 പേർക്ക് ആരാധനയിൽ പങ്കെടുക്കാം.