റെനീഷ് മാത്യു
കണ്ണൂർ: ലോക്ക്ഡൗണിൽ അറസ്റ്റിലായ പ്രതികൾക്കെതിരേ പോലീസ് എഫ്ഐആർ ഇടുന്നത് പത്തു മിനിറ്റിനുള്ളിൽ. എഫ്ഐആർ തയാറാക്കിയതിനു ശേഷം അറസ്റ്റ് ചെയ്യപ്പെട്ട ആൾക്ക് നോട്ടീസ് നല്കും.
നോട്ടീസ് കൈപ്പറ്റി ഒപ്പു വാങ്ങിയ ശേഷമാണ് പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്നും വിടുന്നത്. മൂന്നു ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
പിന്നീട് ലോക്ക് ഡൗൺ തീർന്നതിനു ശേഷം പ്രതിക്ക് കോടതിയിൽ നിന്നു വാറണ്ട് വരികയും തുടർന്ന് കോടതിയിൽ ഹാജരായി പ്രതി ജാമ്യം എടുക്കുകയും വേണം. കോടതി ശിക്ഷിച്ചാൽ പകർച്ചവ്യാധി നിയമപ്രകാരം രണ്ടുവർഷം തടവും 10,000 രൂപ പിഴയും ഒടുക്കേണ്ടി വരും.
നിയന്ത്രണങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയപ്പോൾ പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമസ്ഥർക്ക് കിട്ടുവാൻ ഇനിയും വൈകും. 21 ദിവസത്തെ ലോക്ക്ഡൗൺ കഴിഞ്ഞാൽ വാഹനങ്ങൾ തിരികെ നല്കുവാനായിരുന്നു തീരുമാനം.
എന്നാൽ, ലോക്ക് ഡൗൺ നീട്ടിയാൽ അതു കഴിഞ്ഞ് വാഹനങ്ങൾ കൊടുത്താൽ മതിയെന്നാണ് പുതിയ നിർദേശം. പിടിച്ചെടുത്ത വാഹനങ്ങൾസൂക്ഷിക്കാൻ സ്ഥലമില്ലാതെ മിക്ക പോലീസ് സ്റ്റേഷനുകളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. രണ്ടായിരത്തോളം വാഹനങ്ങളാണ് ഇതുവരെ പോലീസ് പിടികൂടിയിരിക്കുന്നത്.