കാഞ്ഞങ്ങാട്: ബേക്കല്‍ കോട്ടിക്കുളം പ്രദേശത്ത് നിരന്തരമായി ലോക്ക്ഡൗണ്‍ ലംഘനം നടത്തുന്നവര്‍ക്കെതിരേ പോലീസില്‍ പരാതി പറഞ്ഞതിന് സ്വകാര്യ ആശുപത്രി നഴ്സിനെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായി പരാതി.
സംഭവവുമായി ബന്ധപ്പെട്ടു പ്രദേശത്തെ ഏഴു യുവാക്കള്‍ക്കെതിരേ ബേക്കല്‍ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ നഴ്സായ ബേക്കല്‍ കോട്ടിക്കുളം തമ്പുരാന് വളപ്പിലെ മനീഷയുടെ പരാതിയിലാണ് രാജന്, സുമേഷ്, സുധീഷ്, അബീഷ്, ഹരി, കൃപേഷ്, ഹരി എന്നിവര്‍ക്കെതിരേ കേസെടുത്തത്.
കണ്ടാലറിയാവുന്ന 43 ആളുകളേയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണം വകവയ്ക്കാതെ മനീഷയുടെ വീടിനു സമീപം യുവാക്കള്‍ കളികളിലേര്‍പ്പെടുകയും അമ്പതോളം പേര് തടിച്ചുകൂടുകയും ചെയ്തിരുന്നു.
ഇതുകണ്ടു സമ്പര്‍ക്ക ദൂരം പാലിക്കാതെ കൂട്ടംകൂടുന്നത് ശരിയല്ലെന്ന് മനീഷ ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ യുവാക്കള്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് യുവതി ബേക്കല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി കൂട്ടംകൂടി നിന്നവരേയും കളിക്കാരേയും വിരട്ടിയോടിച്ചു.
ഇതിനുശേഷമാണ് യുവാക്കളും കുടുംബാംഗങ്ങളുമുള്‍പ്പെടെ ഒരു സംഘം ആളുകള്‍ പരാതിക്കാരിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്. മനീഷയേയും അച്ഛനേയും അപായപ്പെടുത്തുമെന്നും യുവതിയുടെ ഇരുചക്രവാഹനം കടലിലെറിയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
ഈ കാര്യങ്ങള്‍ യുവതി സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.