ബാത്ത് ടബ്ബിനുള്ളിൽ വീട്ടമ്മ അഞ്ച് ദിവസം കുടുങ്ങിക്കിടന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ആലിസണ് ഗിബ്സണ് എന്ന 54കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. ബത്ത് ടബ്ബിൽ കിടന്ന ഇവർ കുളിച്ചു കഴിഞ്ഞ ശേഷം എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു. ബാത്ത് ടബ്ബിൽ എഴുന്നേൽക്കുവാൻ സഹായിക്കുന്ന ഉപകരണത്തിൽ പിടിച്ച് എഴുന്നേൽക്കുവാൻ ശ്രമിച്ചുവെങ്കിലും ഇവർ പരാജയപ്പെട്ടു.
ഫോണ് മുറിയിൽ വച്ചിരുന്നതിനാൽ ഇവർക്ക് ആരെയും ബന്ധപ്പെടുവാനും സാധിച്ചില്ല. വീട്ടിൽ ഇവർ തനിയെയാണ് താമസിക്കുന്നത്. തുടർന്ന് അഞ്ച് ദിവസമാണ് ഇവർ ബാത്ത് ടബ്ബിൽ ചിലവഴിച്ചത്. ഇനിയൊരിക്കലും പുറം ലോകം കാണില്ലെന്ന് കരുതിയ ഇവർക്ക് മുന്നിൽ സഹായമെത്തിയത് പോസ്റ്റ്മാന്റെ രൂപത്തിലായിരുന്നു.
ആലിസണിന്റെ വീട്ടിൽ കത്ത് ഇട്ടുകൊണ്ടിരുന്നയാൾ കുറച്ചു ദിവസങ്ങളായി ഇവർ കത്തുകളൊന്നും എടുക്കുന്നില്ലെന്ന് ശ്രദ്ധിച്ചു. ഇദ്ദേഹം ആലിസണിന്റെ അയൽപക്കക്കാരെ വിവരം അറിയിച്ചു. ഇവരുടെ ഒപ്പം ആലിസണിന്റെ വീട്ടിലെത്തിയപ്പോഴാണ് സഹായം അഭ്യർത്ഥിച്ചുള്ള ശബ്ദം ഇവർ വീടിനുള്ളിൽ നിന്നും കേൾക്കുന്നത്. തുടർന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസുദ്യോഗസ്ഥരാണ് ആലിസണിനെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.
നാലു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആലിസണ് സുഖം പ്രാപിച്ചിരിക്കുകയാണ്.