ബെൽഗ്രേഡ്: കൊറോണ വൈറസ് വ്യാപനം തടയാൻ വിവിധ രാജ്യങ്ങൾ പ്രഖ്യാപിക്കുന്ന കർഫ്യൂ, ലോക്ക് ഡൗണ്‍ തുടങ്ങിയവ ലംഘിച്ച് നിരവധിപ്പേർ തങ്ങളുടെ കാര്യങ്ങൾ സാധിക്കുന്നുണ്ട്. അങ്ങനെ സ്വന്തം കാര്യം സിന്ദാബാദുമായി ഇറങ്ങിയ സെർബിയൻ ഫുട്ബോൾ താരമായ അലക്സാണ്ടർ പ്രിജോവിച്ചിനും കിട്ടി സർക്കാർ വക ഒരു പണി.
കർഫ്യു ലംഘിച്ച് ബെൽഗ്രേഡിലെ ഒരു ഹോട്ടലിൽ ഒത്തുകൂടിയ പ്രിജോവിച്ചിനെയും 19 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിന്റെ താരമായ പ്രിജോവിച്ചിനു മൂന്ന് മാസം വീട്ടുതടങ്കലിനാണ് കോടതി വിധിച്ചത്. മറ്റൊരു സെർബ് താരമായ റയൽ മാഡ്രിഡിന്റെ ലൂക്ക ജോവിക്ക് കാമുകിയുടെ ജന്മദിനാഘോഷത്തിനുപോയി പുലിവാൽ പിടിച്ചിരുന്നു.
ഒരു ഇംഗ്ലണ്ടീഷ് ഫുട്ബോൾ താരത്തിന്റെ ലോക്ക് ഡൗണ്‍ ലംഘനവും ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ബ്രിട്ടനിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരം കെയ്ൽ വാക്കർ തന്റെ വസതിയിൽ സ്ത്രീകളെ വിളിച്ചുവരുത്തി പാർട്ടി നടത്തി. സംഭവം വിവാദമായതോടെ താരത്തിനെതിരേ മാഞ്ചസ്റ്റർ സിറ്റി അന്വേഷണം ആരംഭിച്ചു.
വീട്ടിൽത്തന്നെ ഇരിക്കുന്ന മറ്റൊരു മഹാഭൂരിപക്ഷം താരങ്ങളുമുണ്ട്. അത്തരത്തിലൊരു സൂപ്പർ താരമാണ് യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസ് താരങ്ങൾക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതോടെ റൊണാൾഡോ ക്വാറന്റൈനിലായിരുന്നു.
ക്വാറന്റൈൻ അവസാനിച്ചെങ്കിലും വീട്ടിൽത്തന്നെയാണ് റൊണാൾഡോ. പങ്കാളിയായ ജോർജിന റോഡ്രിഗസ് തന്റെ തലമുടിവെട്ടുന്ന രസകരമായ വീഡിയോ റൊണാൾഡോ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.