
നെടുമ്പാശേരി: ലോക്ക് ഡൗൺ ലംഘിച്ച് വഴിയിൽ കൂട്ടംകൂടിനിന്നതു തടയാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറിയയാൾ അറസ്റ്റിൽ. പിരാരൂർ കാച്ചപ്പിള്ളി സോജനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നെടുമ്പാശേരി പോലീസ് അറസ്റ്റു ചെയ്തത്.
പോലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽ പല പ്രദേശങ്ങളിലും ലോക്ക് ഡൗൺ ലംഘിച്ച് ആളുകൾ കൂട്ടംകൂടുന്നതായി കണ്ടെത്തി. ഇത്തരത്തിൽ കൂട്ടംകൂടിയ സംഘത്തോട് വീട്ടിൽ കയറാൻ ഹെൽത്ത് ഇൻസ്പെക്ടറും സംഘവും ആവശ്യപ്പെട്ടപ്പോഴാണ് പ്രതി തട്ടിക്കയറിയത്.
സർക്കാർ കൊണ്ടുവന്ന കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ് എന്ന് നെടുമ്പാശേരി സിഐ പി.എം. ബൈജു, എസ്ഐ ഫൈസൽ എന്നിവർ അറിയിച്ചു.