
കോട്ടയം: ലോക്ക്ഡൗണ്‍ കാലയളവിൽ ഒട്ടേറെപ്പേർ വീടുകളിലിരുന്ന് ഓഫീസ് ജോലി ചെയ്യുന്നതിനാൽ 100 എംബിപിഎസ് വരെ വേഗമുള്ള ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ഭാരത് ഫൈബർ ഇന്റർനെറ്റ് സേവനവുമായി കോട്ടയം ബിഎസ്എൻഎൽ രംഗത്ത്.
499 രൂപ മുതൽ വിവിധ പ്ലാനുകളിലായാണ് ബിഎസ്എൻഎൽ ഈസേവനം ലഭ്യമാക്കുന്നത്. മികച്ച കവറേജ് വർധനവോടെ ജില്ലയിൽ കോട്ടയം, പാലാ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം, പാന്പാടി, ചങ്ങനാശേരി, വൈക്കം തുടങ്ങി മിക്കവാറും സ്ഥലങ്ങളിൽ ഈ സേവനം നിലവിലുണ്ട്.
പൊതുജനങ്ങൾ ബിഎസ്എൻഎലിന്റെ അതിവേഗ ഇന്റർനെറ്റ് സേവനം പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിനോടു ചേർന്നു നിൽക്കണമെന്ന് ജില്ലാ ജനറൽ മാനേജർ സാജു ജോർജ് പറഞ്ഞു.
എഫ്ടിടിഎച്ച് ഭാരത് ഫൈബർ ഇന്റർനെറ്റ് സേവനങ്ങൾക്കായി ബിഎസ്എൻഎലിന്റെ അതാത് സ്ഥലങ്ങളിലുള്ള കസ്റ്റമർ സർവീസ് സെന്ററുകളുമായി ബന്ധപ്പെടുകയോ 0481-2567000 എന്ന നന്പരിലേക്ക് വിളിക്കുകയോ ഇ മെയിൽ ([email protected]) അയയ്ക്കുകയോ ചെയ്യാം.
എല്ലാ കസ്റ്റമർ സർവീസ് സെന്ററുകളും തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. ബിൽ അടയ്ക്കുക, റീചാർജ് ചെയ്യുക, പുതിയ കണക്ഷൻ എടുക്കുക മുതലായ സേവനങ്ങളും കസ്റ്റമർ സർവീസ് സെന്ററുകളിൽ ലഭ്യമാണ്.
വിവിധ ആവശ്യങ്ങൾക്കായി വരുന്ന ഉപഭോക്താക്കൾ കൊവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് നിർദേശിച്ചിരിക്കുന്ന സാമൂഹിക അകലം, മറ്റു സുരക്ഷാ നിർദേശങ്ങൾ മുതലായവ പാലിക്കണമെന്ന് ജില്ലാ ജനറൽ മാനേജർ പറഞ്ഞു.