കൊച്ചി: ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. ഓള് കേരള ബസ് ഓപ്പററ്റേഴ്സ് ഫോറത്തിനു കീഴിലുള്ള നൂറോളം ബസുകളാണു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്നത്.
കൊച്ചി നഗരത്തില്‍ ബസ് സര്‍വീസ് കുറവെങ്കിലും പൂത്തോട്ട-എറണാകുളം റൂട്ടില്‍ ഹൈക്കോടതിവരെ പത്തോളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
പെരുമ്പാവൂര്‍-കോലഞ്ചേരി, കോലഞ്ചേരി-തൃപ്പൂണൂത്തുറ, മൂവാറ്റുപുഴ-വാഴക്കുളം തുടങ്ങിയ റൂട്ടിലും ഏതാനും ബസുകള്‍ നിരത്തിലിറങ്ങി. വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രമായിരുന്നു പല ബസുകളിലും ഉണ്ടായിരുന്നത്.
രണ്ട് ദിവസത്തെ വരുമാനം നോക്കിയാകും അടുത്ത ദിവസങ്ങളില്‍ സര്‍വീസ് തുടരണമോയെന്നു തീരുമാനിക്കുകയെന്ന് ഓള് കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു.
അതേസമയം, ലോക്ക് ഡൗണിനെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ ജില്ലക്കുള്ളില്‍ പുനരാരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ കൃത്യമായ ഇടവേളകളില്‍ ബസുകള്‍ വിവിധ ഭാഗങ്ങളിലേക്കു സര്‍വീസ് നടത്തിയെങ്കിലും ഭൂരിഭാഗം സര്‍വീസുകളിലും ആളുകള്‍ കുറവായിരുന്നു.
എറണാകുളം, ആലുവ, പെരുമ്പാവൂർ, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, പിറവം, കൂത്താട്ടുകുളം, പറവൂര്‍ എന്നീ ഡിപ്പോകള്‍ക്ക് കീഴിലായി 157 സര്‍വീസുകളാണ് ബുധനാഴ്ച നടന്നത്.
എല്ലാ സ്റ്റോപ്പിലും നിര്‍ത്തുന്ന ഓര്‍ഡിനറി ബസുകളാണ് നിരത്തിലിറങ്ങിയത്. ജില്ലാതിര്‍ത്തിക്ക് തൊട്ടുമുമ്പുള്ള പ്രധാന ജംഗ്ഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു ബസുകള്‍ മടങ്ങി.
സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമാണ് ഓരോ ബസിലും പ്രവേശിപ്പിച്ചത്. എറണാകുളം ബോട്ടുജെട്ടിയില്‍നിന്നു യാത്രാബോട്ടുകളുടെ സര്‍വീസും ബുധനാഴ്ച മുതല്‍ ആരംഭിച്ചു.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, മുളവുകാട് എന്നിവിടങ്ങളിലേക്കായിരുന്നു സര്‍വീസ്. രാവിലെ ഏഴു മുതല്‍ സര്‍വീസ് ആരംഭിച്ചെങ്കിലും യാത്രക്കാരുടെ ലഭ്യത പരിഗണിച്ചായിരുന്നു കൂടുതലും സര്‍വീസുകള്‍ നടത്തിയത്.