എടത്വ: ലോക്ക്ഡൗൺ കാലം സമാപിക്കുമ്പോഴേക്കും വർഷങ്ങളായി നീരൊഴുക്ക് ഇല്ലാതിരുന്ന പാരേത്തോട്ടിൽ നീരൊഴുക്കിനു തുടക്കം. ഒരു കിലോമീറ്റർ ദൂരത്തിൽ രണ്ടു മീറ്റർ താഴ്ചയിലാണ് എക്കലും കട്ടയും നീക്കിയത്.
തലവടി പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളിലൂടെ കടന്നു പോകുന്ന പാരേത്തോട് വട്ടടിതോട് മഹാ പ്രളയത്തിന് ശേഷമാണ് പൂർണമായും നശിച്ചു തുടങ്ങിയത്. ഈ തോട്ടിലെ ജലമാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്.
ജലക്ഷാമം രൂക്ഷമായ തലവടി തെക്കെ കരയിൽ ജനങ്ങളുടെ ആശ്രയമായിരുന്ന പാരേത്തോടിന്റെ ഇരുകരകളിൽ നിന്നും കറുകലും മറ്റും വളർന്ന് ഒഴുക്ക് നിലച്ചിട്ടു വർഷങ്ങളായി. കൂടാതെ പ്രളയ സമയത്ത് ഒഴുകി വന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ അടിഞ്ഞ് ദുർഗന്ധം വമിച്ചിരുന്നു.
പഞ്ചായത്തംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്, രമാ മോഹൻ, പ്രിയ അരുൺ, പി.കെ. വർഗീസ്, കനിവ് സ്വയം സഹായ സംഘം പ്രഡിഡന്റ് വിജയൻ, സെക്രട്ടറി ചന്ദ്രമോഹൻ, പ്രസാദ് മണ്ണാരുപറമ്പിൽ, സൗഹൃദവേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് പി. ദാമോദരൻ, അരുൺ പുന്നശേരിൽ, ഗോപിനാഥൻ നായർ, ഗോപിനാഥ് ആനന്ദാലയം, ലാൽസൺ മുണ്ടുചിറ എന്നിവർ നേതൃത്വം നല്കി.
സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ട്രാൻസ്ഫോർമറിനു സമീപം തകർന്നു കിടക്കുന്ന കടവിന്റെ നിർമാണ പ്രവർത്തനങ്ങളും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.