പത്തനംതിട്ട: ലോക്ക്ഡൗണില്‍ ഇളവു ലഭിച്ചിട്ടും വരുമാനമില്ലാതെ ജീവിതം വഴിമുട്ടിയത് ഇടത്തരക്കാര്‍ക്ക്. സ്വകാര്യ സ്ഥാപനങ്ങളിലും ചെറുകിട ബിസിനസും കൃഷിയുമൊക്കെയായി ജീവിതം തള്ളിനീക്കിയവരാണ് ബുദ്ധിമുട്ടിലായത്.
ലോക്ക്ഡൗണ്‍ ഇളവുകളില്‍ സ്ഥാപനങ്ങളും ജോലിയും ഒക്കെ തിരികെ ലഭിച്ചെങ്കിലും വരുമാനക്കുറവ് എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള യാതൊരു ആനുകൂല്യവും ലഭിക്കാത്തവരാണിവര്‍. ചെലവുകളേറുകയും വരുമാനം നിലയ്ക്കുകയും ചെയ്തവര്‍ ഭാവിയെ ഓര്‍ത്ത് വ്യാകുലപ്പെടുകയാണ്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുത്തിരുന്നവരില് നല്ലൊരു പങ്കിനും രണ്ടുമാസത്തെ വേതനം മുടങ്ങിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍. ചെറുകിട പണമിടപാട് സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍, സ്വകാര്യ ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍, ഒരു വിഭാഗം സ്വകാര്യ സ്കൂളുകള്‍, ലാബോറട്ടറികള്‍, ഹോട്ടലുകള്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ ജോലിയെടുത്തവര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുകയോ തടയുകയോ ചെയ്തിരിക്കുകയാണ്.
വ്യാപാരമേഖല, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ വരുമാനം പൂര്‍ണമായി നിലച്ചിരുന്നു. കെഎസ്ആര്‍ടിസി പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ എം പാനല്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് ശമ്പളവും നല്‍കിയിട്ടില്ല. പ്രതിദിന വേതനക്കാര്‍, മറ്റു തൊഴിലാളികള്‍, ലോട്ടറി കച്ചവടക്കാര്‍ എന്നിവര്‍ തൊഴില്‍ തിരികെ ലഭിച്ചതോടെ ജീവിതം തിരികെപിടിക്കാമെന്ന പ്രതീക്ഷയിലാണ്.
കാര്‍ഷിക മേഖലയിലെ ഇടത്തരക്കാരും ബുദ്ധിമുട്ടിലായി. ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് വരുമാനം നിലച്ചു. റബറിനു വില ഇടിഞ്ഞതു മാത്രമല്ല, വിപണി കണ്ടെത്താനുമാകാതെ വരുമാനം നിലച്ചു. വിവിധ കരാര്‍ ജോലിയെടുത്തവര്ക്കും നഷ്ടത്തിന്റെ കണക്കുകളാണ് പറയാനുള്ളത്.
നഷ്ടങ്ങള്‍ നികത്തി ബിസിനസ് മുന്നോട്ടു പോകാനാകാതെ പ്രതിസന്ധിയിലായവരുമുണ്ട്. ലോക്ക്ഡൗണ്‍ ഇളവുകള്‍ കഴിയുന്നതോടെ ചെലവുകള്‍ വര്‍ധിക്കുന്നതും പലരെയും ആശങ്കയിലാഴ്ത്തുന്നു.
സ്കൂള്‍ അധ്യയനവര്‍ഷം ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും കുട്ടികളുടെ അഡ്മിഷന് നടപടികളും മറ്റും ആരംഭിച്ചതോടെ പഠനാവശ്യങ്ങള്‍ക്കു പണം കണ്ടെത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നതോടെ കുട്ടികളുമായി ബന്ധപ്പെട്ട ചെലവുകളേറുമെന്നും രക്ഷകര്‍ത്താക്കള്‍ക്ക് ആശങ്കയുണ്ട്.
യാത്ര, വെദ്യുതി, ഫോണ്‍ ആവശ്യങ്ങള്‍ക്ക് അധികനിരക്ക് വേണ്ടിവന്നതും ചെലവുകള്‍ വര്‍ധിപ്പിക്കുന്നു. പൊതുവിപണിയിലെ വിലക്കയറ്റം കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നുണ്ട്.