കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണും എറണാകുളം ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി പോലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും.
അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്ക്കെതിരേ മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുക്കുമെന്നും കാറുകളില്‍ രണ്ടു പേരും ബൈക്കില്‍ ഒരാളും മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍വന്ന ഇന്നലെ അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങിയ 69 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
കൊച്ചി സിറ്റി പോലീസ് പരിധിയില്‍ 47 പേര്‍ക്കെതിരേയും റൂറല്‍ പോലീസ് പരിധിയില്‍ 22 പേര്‍ക്കെതിരേയുമാണു കേസെടുത്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണു പരിശോധനകള്‍ പുരോഗമിക്കുന്നത്.