കൊച്ചി: എറണാകുളം ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ ഇന്നലെ 106 ചരക്കു ലോറികളാണ് എത്തിയത്. ഇതിൽ വന്ന 113 ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 84 പേരെ ജില്ലാ കണ്ട്രോൾ റൂമിൽനിന്നു ഫോണ് വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചതായും ആരിലും രോഗലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ പറഞ്ഞു.
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖാപിച്ച സാഹചര്യത്തിൽ, തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കൊച്ചി നഗരസഭ പ്രദേശത്ത് ഇന്നലെ 95 സ്ഥാപനങ്ങൾ സന്ദർശിച്ചു.
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പത്തു സ്ഥാപനങ്ങൾക്കെതിരേ തുടർനടപടികൾക്ക് ശുപാർശ ചെയ്യുകയും മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ 28 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോധവത്ക്കരണവും നൽകി.
ഒരു മെഡിക്കൽ ഓഫീസർ, രണ്ട് പോലീസ് ഉദ്യോഗസ്ഥർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്നതാണ് ഒരു സ്ക്വാഡ്. ഇത്തരത്തിൽ നാല് സ്ക്വാഡുകളാണു കൊച്ചി നഗരസഭ പ്രദേശത്ത് പ്രവർത്തിക്കുന്നത്.