തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ക്രിമിനൽ കുറ്റമാണെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ മുന്നറിയിപ്പ്. അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
മത്സ്യം കയറ്റിവരുന്ന വാഹനങ്ങൾക്കു ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമാണ്. വാഹനങ്ങളിൽ വിൽപ്പനയ്ക്കു കൊണ്ടുവരുന്ന മത്സ്യം ഏതു സ്ഥലത്തുനിന്നാണു കൊണ്ടുവരുന്നത്, ഏതു മാർക്കറ്റിലേക്കാണു കൊണ്ടുപോകുന്നത് അല്ലെങ്കിൽ ഏതു വ്യക്തികൾക്കായാണു കൊണ്ടുപോകുന്നത് എന്നിവ തെളിയിക്കുന്ന ഇൻവോയ്സ്, എഫ്എസ്എസ്എഐ ലൈസൻസിന്റെ പകർപ്പ് തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കണം.
മത്സ്യം വാഹനത്തിൽ കയറ്റുന്നതിനു മുൻപ് കണ്ടെയ്നറും പെട്ടികളും അണുവിമുക്തമാക്കണം. മത്സ്യവിതരണക്കാരും വ്യാപാരികളും മത്സ്യം കൊണ്ടുവരുന്ന ട്രക്ക് ഉടമകളും ഹൈജീൻ വ്യവസ്ഥകൾ പാലിക്കണം.
മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് വൃത്തിയുള്ളതും കുടിക്കാൻ യോഗ്യവുമായ വെള്ളത്തിൽ നിർമിച്ചതായിരിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണർ പറഞ്ഞു.
ഇവ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.