പി.ഏ.പത്മകുമാർ.
കൊട്ടാരക്കര: തടി വ്യാപാരിയാണ് കൊട്ടാരക്കര തൃക്കണ്ണാമംഗൽ ചേരൂർ വീട്ടിൽ നാൽപത്തി അഞ്ചുകാരനായ ജോസ് മാത്യു. കർഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലും വ്യാപാരത്തിന്റെ വഴിയായിരുന്നു ജോസിന്റേത്. തടിക്കച്ചവടത്തോടൊപ്പം ഗൃഹ നിർമാണ സാമഗ്രികളുടെ വിൽപനയും ലോറിയും ജെസിബിയുമൊക്കെ അടങ്ങുന്നതായിരുന്നു വ്യാപാര മേഖല.
ഓർക്കാപ്പുറത്തു വന്ന കോവിഡും ലോക്ക് ഡൗണും വ്യാപാര മേഖലയെ നിശ്ചലമാക്കി. ജോസിന്റെ ജീവിതം വീടിനുള്ളിലേക്ക് ഒതുങ്ങുകയും ചെയതു. എന്നാൽ ഈ അവസരം പാഴാക്കാൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. കുടുംബത്തിന്റെ പഴയ കാർഷിക പാരമ്പര്യത്തിലേക്ക് മടങ്ങാനായിരുന്നു ജോസിന്റെ തീരുമാനം.
ഇതിനായി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒപ്പം കൂട്ടി. കുടുംബസ്വത്തായി ലഭിച്ച 30 സെന്റ് ഭൂമിയിൽ നെൽകൃഷിക്ക് തുടക്കമിടുകയായിരുന്നു ഈ കൂട്ടായ്മ. ഇതിനായി മരച്ചീനി നട്ടിരുന്ന പണകൾ കിളച്ച് നിരപ്പാക്കി.
തോട്ടിൽ നിന്നും വെള്ളം പമ്പു ചെയ്ത് നിലത്തിൽ വെള്ളം നിറച്ചു. പിന്നീട് കൊത്തിക്കിളച്ചും മരമടിച്ചും നിലമൊരുക്കി. മൂന്നു മാസത്തിനകം വിളവെടുക്കാവുന്ന ജ്യോതി വിത്ത് വിതച്ച് ജൈവവളവും ചെയ്തു. നിലമൊരുക്കുന്നതിനിടയിൽ പെടക്കണ തോട്ടു മീനും ഇവർക്ക് സുലഭമായി ലഭിച്ചു.
സർക്കാർ നിർദ്ദേശാനുസരണം സാമൂഹ്യ അകലം പാലിച്ചായിരുന്നു ഈ കൂട്ടായ്മയുടെ നെൽകൃഷി. ജോസിന്റെ കൃഷിയറിഞ്ഞ് കൃഷി വകുപ്പ് – നഗരസഭാധികൃതർ അനുമോദനങ്ങളുമായി എത്തിയിരുന്നു. കൊറോണക്കാലത്തെ വിരസതയകറ്റാനാണ് കൃഷിയിലേക്ക് തിരിഞ്ഞതെങ്കിലും ഇനി ഇതു തുടരാൻ തന്നെയാണ് ജോസ് മാത്യുവിന്റെയും കൂട്ടരുടെയും തീരുമാനം.