കണ്ണൂര്‍: കണ്ണൂർ ഇന്നു മുതൽ സന്പൂർണ ലോക്ക്ഡൗണിലേക്ക്. കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നതിനാൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണ്ണൂർ ജില്ലയിലെ പ്രധാന റോഡുകൾ ഒഴികെ എല്ലാ റോഡുകളും ഇന്നു രാവിലെയോടെ അടച്ചു
.പ്രധാന വഴിയിലൂടെ മാത്രമാണ് ആളുകളെ കടത്തി വിടുന്നത്. അവിടെ പോലീസ് പരിശോധനയും ഉണ്ടാകും കണ്ണൂരിൽ എസ്പി യതീഷ് ചന്ദ്ര. തളിപ്പറന്പിൽ എസ്പി നവനീത് ശർമ. തലശേയിലും ഇരിട്ടിയിലും എസ്പി അരവിന്ദ് സുകുമാർ. ഐജി അശോക് യാദവിനാണ് കണ്ണൂർ ജില്ലയുടെ മേൽനോട്ടം.
ജില്ലയിലെ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഒരു എക്സിറ്റും ഒരു എൻട്രൻസും മാത്രമാണ് ഇന്നുമുതൽ ഉണ്ടാകുന്നത്. ഇവിടങ്ങളില്‍ പോലീസ് ബീറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ചികിത്സയടക്കമുള്ള അത്യാവശ്യകാര്യങ്ങള്‍ക്കും അടിയന്തരകാര്യങ്ങള്ക്കുള്ള യാത്രകള്‍ക്കും മാത്രമാണ് നിലവില്‍ അനുവാദം.
അവശ്യസാധനങ്ങളുടെ ലിസ്റ്റുമായി പോകുന്നവര്‍ക്ക് വ്യക്തമായ പരിശോധനയ്ക്കുശേഷം അനുവാദം നല്‍കും. ടൗണുകളിലും മറ്റും മുഴുവന്‍ കടകളും മെഡിക്കല്‍ ഷോപ്പുകളും തുറന്നുപ്രവർത്തിക്കുന്നതിനുപകരം കുറച്ചു സ്ഥാപനങ്ങള്‍ക്കു വീതം ഇടവിട്ട ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാനാണ് തീരുമാനം.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ നാളെമുതല്‍ തുറക്കാന്‍ അനുവദിക്കൂ. ഇന്നലെ ആറ് കോവിഡ് കേസുകളാണ് കണ്ണൂരിൽ റിപ്പോർട്ട് ചെയ്തത്. ഈയൊരു സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെ കച്ചവടസ്ഥാപനങ്ങളടക്കം പോലീസ് പൂട്ടിച്ചു.
ജനസാന്നിധ്യം ഇത്തരം മേഖലകളില്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. വര്‍ക്ക്ഷോപ്പുകള്‍, മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നാളെമുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ജനങ്ങള്‍ കൂടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്.
നിര്‍ദേശം ലംഘിച്ച് റോഡിലും മറ്റും കറങ്ങിനടക്കുന്നവരെ പിടികൂടിയാല്‍ 14 ദിവസത്തേക്ക് സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കാനാണ് പോലീസ് തീരുമാനം. കോവിഡ് രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പ്രത്യേക ആപ്പ് വഴി പോലീസ് ബന്ധിപ്പിക്കും.
ഇവരെ നിരീക്ഷിക്കാന്‍ പോലീസ് ഓരോ സ്റ്റേഷനുകളിലും സംവിധാനമൊരുക്കും. ഇവര്‍ പുറത്തിറങ്ങിയാല്‍ ഈ ആപ്പ് വഴി പോലീസിന് മനസിലാകും. ഇവര്‍ക്കെതിരേ കേസുള്‍പ്പെടെ ശക്തമായ നടപടിയും സ്വീകരിക്കും.