സ്വന്തം ലേഖകൻ
കണ്ണൂർ: ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കാത്തവരെ കുടുക്കാൻ കണ്ണൂരിൽ കാമറയുമായി പോലീസിന്റെ പ്രത്യേക സ്ക്വാഡ് ഇറങ്ങി.സാമൂഹ്യ അകലം പാലിക്കാത്ത സ്ഥലങ്ങളിലാണ് സ്ക്വാഡുകളുടെ പരിശോധന.
ജില്ലയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകല പാലിക്കാതെ ആളുകൾ എത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി തുടങ്ങിയത്. സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള പ്രത്യേക സ്ക്വാഡ് കണ്ണൂർ ജില്ലയിലെ വിവിധ നഗരങ്ങളിൽ പരിശോധന തുടങ്ങി.
വ്യാപാര സ്ഥാപനത്തിന് ചുറ്റും ആൾക്കൂട്ടം ഉണ്ടായാൽ ഇതിന്റെ ഫോട്ടോയും വീഡിയോയും മൊബൈൽ ഫോണിൽ പ്രത്യേക സ്ക്വാഡ് ചിത്രീകരിക്കും. ചിത്രീകരിച്ച സംഭവങ്ങൾ അതാത് പോലീസ് ഡിവിഷനിലെ ഡിവൈഎസ്പിമാർക്ക് അയച്ചു കൊടുക്കും.
തുടർന്ന് വ്യാപാരസ്ഥാപനങ്ങൾക്കെതിരേ കേസെടുക്കും. കണ്ണൂരിൽ കഴിഞ്ഞ ദിവസം 11 വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കേസെടുത്തിരുന്നു. കൂടാതെ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയില്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളെക്കുറിച്ച് പ്രത്യേക സ്ക്വാഡ് വിവരങ്ങൾ ശേഖരിച്ച് കേസെടുക്കുന്നുണ്ട്.
അമിതമായി ആളുകളെ കയറ്റുന്ന സ്വകാര്യ ബസുകൾക്കെതിരേയും നടപടി തുടങ്ങി. പോലീസും മോട്ടോർവാഹന വകുപ്പും ആണ് പരിശോധന തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം കൂത്തുപറന്പിലും ആലക്കോടും രണ്ട് ബസുകൾ പിടികൂടിയിരുന്നു. നിലവിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമേ ബസുകളിൽ കയറ്റാൻ അനുവാദമുള്ളൂ.
ഏകദേശം 30 തിൽ താഴെ മാത്രം ആളുകളെ പാടുള്ളൂ. എന്നാൽ രണ്ടു സീറ്റിലും ആളുകളെ ഇരുത്തിയും ബസിനുള്ളിൽ ആളുകളെ നിർത്തിയും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് വ്യാപകമായിരിക്കുകയാണ്.
മോട്ടോർവാഹനവകുപ്പിന്റെ രണ്ട് സ്ക്വാഡുകൾ ഇത്തരത്തിൽ സർവീസ് നടത്തുന്ന ബസുകളെ കണ്ടെത്താൻ പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടാതെ പോലീസിന്റെ പ്രത്യേക സ്ക്വാഡും ഉണ്ട്. ബസിന് പുറമെ ഓട്ടോറിക്ഷകളിലും സ്വകാര്യ വാഹനങ്ങളിലും മോട്ടോർവാഹന വകുപ്പ് പരിശോധന നടത്തും. മാസ്ക് ധരിക്കാത്തവർക്കെതിരേ പിഴ ചുമത്താനും പ്രത്യേക സ്ക്വാഡും രംഗത്തുണ്ട്.