ബംഗളൂരു: ലോക്ഡൗണിനു ശേഷവും നിയന്ത്രണം തുടരണമെന്ന ആവശ്യമുന്നയിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. കൊറോണ ഹോട്സ്പോട്ടുകളിൽ രണ്ടാഴ്ച കൂടി നിയന്ത്രണങ്ങൾ നീട്ടുന്നതിനെ അനുകൂലിക്കുന്നതായി കർണാടക. നിയന്ത്രണം ഏതാനും ദിവസം കൂടി നീട്ടണമെന്ന് കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു.
രോഗവ്യാപനവും നിലവിലെ കേസുകളും പരിഗണിച്ചായിരിക്കണം നിയന്ത്രണങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെടുക്കേണ്ടത്. ലോക്ഡൗൺ നീക്കുന്നത് ഘട്ടംഘട്ടമായി വേണം. ഒറ്റയടിക്ക് നീക്കാൻ പാടില്ല- അദ്ദേഹം അഭിപ്രായപ്പെട്ടു.
റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ഈ മാസം അവസാനം വരെ രണ്ടാഴ്ച കൂടി ലോക് ഡൗൺ ദീർഘിപ്പിക്കണം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും കെ.സുധാകർ കൂട്ടിച്ചേർത്തു.
ലോക്ഡൗണിനു ശേഷവും അന്തർസംസ്ഥാന യാത്രകൾ അനുവദിക്കരുതെന്ന് ഛത്തീസ്ഗഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തർസംസ്ഥാന യാത്രകൾ അനുവദിക്കുന്നത് കോവിഡ് പ്രതിരോധത്തെ സാരമായി ബാധിക്കുമെന്നാണ് ഛത്തീസ്ഗഡ് ആശങ്ക പ്രകടിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്ന് ജാർഖണ്ഡും അറിയിച്ചു.
നേരത്തെ തെലുങ്കാനയും ലോക്ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു. ആദ്യം ജനങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് പ്രധാനമെന്നും സമ്പദ്വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാൻ കഴിയുമെന്നും തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിയോട് പറഞ്ഞു.
രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് നല്ല തീരുമാനമായിരുന്നു. അതിനാൽ നമുക്ക് പ്രതീക്ഷയോടെ ഇരിക്കാൻ കഴിഞ്ഞു അദ്ദേഹം പറഞ്ഞു.
ജൂണ്‍ മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ബിസിജി സർവേ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 14ന് ആണ് ലോക്ഡൗൺ അവസാനിക്കുന്നത്.