തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നാളെ മുതൽ 16 വരെ സന്പൂർണ ലോക്ക്ഡൗണ് പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി അവശ്യസേവനങ്ങൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.
മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നു ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
മാർഗനിർദേശങ്ങൾ ചുവടെ
• റേഷൻ കടകൾ, പലചരക്കു കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉത്പന്നങ്ങൾ, മത്സ്യം, മാംസവില്പന കേന്ദ്രങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം.
• എല്ലാ കടകളും വൈകുന്നേരം 7.30ന് അടയ്ക്കണം.
• നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾക്കു കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 20 പേർക്ക് പങ്കെടുക്കാം.
• വിവരം മുൻകൂട്ടി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം.
• മരണാനന്തരചടങ്ങുകൾക്കും 20 പേർക്ക് അനുമതി. ഇതും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
• കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കും.
• മാധ്യമ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
• അവശ്യവസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം.
• ചരക്കുനീക്കത്തിന് തടസമില്ല.
• എല്ലാവിധ വിദ്യാഭ്യാസ, കോച്ചിംഗ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം.
• കോവിഡ് 19 പ്രവർത്തനങ്ങൾക്കായുള്ള വോളണ്ടിയർമാർക്ക് യാത്ര ചെയ്യാം.
• മെഡിക്കൽ അനുബന്ധ ഉപകരണങ്ങൾ വില്ക്കുന്ന സ്ഥാപനങ്ങൾ, ലാബുകൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾഎന്നിവയ്ക്ക് പൂർണതോതിൽ പ്രവർത്തിക്കാം.
• ടാക്സി, ഓട്ടോറിക്ഷകൾ എന്നിവ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോവുന്നതിനോ അവശ്യ വസ്തുക്കൾ കൊണ്ടുപോകുന്നതിനോ ഉപയോഗിക്കാം. വ്യക്തമായ രേഖകൾ കൈവശം ഉണ്ടായിരിക്കണം.
• കോവിഡ് വാക്സിനേഷനു രജിസ്റ്റർ ചെയ്തവർക്ക് തങ്ങളുടെ സ്വകാര്യ വാഹനത്തിൽ വാക്സിൻ എടുക്കാൻ പോകാം. വാക്സിനേഷൻ രജിസ്ട്രേഷൻ കാണിക്കണം.
• ഇലക്ട്രിക്കൽ, പ്ലംബിംഗ് തകരാറുകൾ പരിഹരിക്കാൻ ടെക്നീഷന്മാർക്ക് യാത്രചെയ്യാം.
• അഞ്ചു പേർ അടങ്ങുന്ന സംഘമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് അനുമതി.
• അനാവശ്യമായി പുറത്തിറങ്ങിയാൽ കേസ്.
• ഒരു തരത്തിലുമുള്ള ഒത്തുചേരലുകൾ പാടില്ല.
തുറക്കുന്ന സർക്കാർ സ്ഥാപനങ്ങൾ
സായുധസേനാ വിഭാഗം, ട്രഷറി, സിഎൻജി, എൽപിജി, പിഎൻജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാൽ വകുപ്പ്, പോസ്റ്റ് ഓഫീസുകൾ, എൻഐസി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷൻ, എംപി സിഎസ്, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, സീ പോർട്ട്, റെയിൽവേ തുടങ്ങിയ. ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴിൽ, മൃഗശാല, ഐടി മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിംഗ്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്, പോലീസ്, എക്സൈസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, അഗ്നിശമന സേന, ദുരന്തനിവാരണം, വനം, ജയിൽ, ജില്ലാ കളക്ടറേ റ്റുകൾ, ട്രഷറികൾ, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സർക്കാർ വകുപ്പുകളും ഏജൻസികളും.