മട്ടന്നൂർ: ലോക്ക് ഡൗൺ കാലത്ത് പുറത്ത് ഇറങ്ങാനും ജോലിക്ക് പോകാനും കഴിയാതെ വന്നതോടെ സ്വന്തമായി കിണർ കുഴിച്ച് മാതൃകയായിരിക്കുകയാണ് ഒരു കുടുംബം. മട്ടന്നൂർ ചാലോട് ഗോവിന്ദാം വയൽ ക്ഷേത്രത്തിന് സമീപത്തെ വി.കെ.അനീഷും കുടുംബവുമാണ് ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് സമയം കളയാതെ കിണർ നിർമിച്ചത്.
ചെങ്കല്ല് ലോഡിംഗ് തൊഴിലാളിയായ അനീഷ് പുതുതായി നിർമിക്കുന്ന വീടിനോട് ചേർന്നാണ് കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സഹായത്തോടെ കിണർ നിർമിച്ചത്. വീട് നിർമിക്കുമ്പോൾ കിണർ നിർമാണം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയെങ്കിലും കിണറിന് കണ്ടു വച്ച സ്ഥലത്ത് പാറയാകുകയായിരുന്നു.
ഇത് കമ്പ്രസർ വച്ചു പൊട്ടിച്ച് നീക്കം ചെയ്യുകയായിരുന്നു. ഇതിനിടെ രാജ്യം ലോക്ക് ഡൗണായതോടെ വെറുതെയിരിക്കുമ്പോൾ കിണർ കുഴിക്കാമെന്ന ചിന്ത അനീഷിന്റെ മനസിൽ വരികയായിരുന്നു. അനീഷും ഭാര്യ സിന്ധുവും ഈ കാര്യം മറ്റു ബന്ധുക്കളോട് പറഞ്ഞതോടെ അനീഷിന്റെ ഭാര്യയുടെ അമ്മ ചന്ദ്രിക, സഹോദരി ശൈലജ, ഷൈൻ, റൃഷ്ണ രാജേഷ്, അനാമിക, അഭിനന്ദ്, സാവിൽ രാജ്, സനൽരാജ് എന്നിവർ സഹായത്തിനെത്തുകയായിരുന്നു.
വീട്ടിലെ എല്ലാ ജോലികളും കഴിഞ്ഞ് പതിനൊന്നരയോടെയാണ് കുടുംബങ്ങൾ കിണർ നിർമാണത്തിന് ഇറങ്ങുക. സ്ത്രീകളും കുട്ടികളും അടക്കം മണ്ണ് കോരിയിടാനും കിണറിൽ നിന്നുള്ള മണ്ണ് കയർ കെട്ടി വലിച്ച് പുറത്തിടാനുമുണ്ടാകും. ജോലി തുടങ്ങിയാൽ വൈകിട്ട് ആറരശേഷമേ നിർത്തുകയുള്ളു. 20 ദിവസം മുമ്പാണ് കിണറിന്റെ പ്രവൃത്തി ആരംഭിച്ചത്.
8 കോൽ താഴ്ച്ചയിൽ കിണർ നിർമാണം എത്തിയതോടെ വെള്ളം കണ്ടെത്തിയ സന്തോഷത്തിലാണ് കുടുംബം. രണ്ടു കോലും കൂടി കുഴിഞ്ഞാൽ നിർമാണം പൂർത്തിയാകും. കിണറിൽ വെള്ളമുള്ളതിനാൽ മോട്ടോർ ഉപയോഗിച്ച് വറ്റിച്ചു രണ്ടു ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തികരിക്കാനാണ് കുടുംബത്തിന്റെ ശ്രമം.
ഇന്നത്തെ കാലത്ത് കിണർ കുഴിക്കണമെങ്കിൽ ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുമെന്നും വെറുതെ വീട്ടിരിക്കുമ്പോഴാണ് കുടുംബങ്ങളുടെ സഹായത്തോടെ കിണർ കുഴിച്ചതെന്ന് അനീഷ് പറയുന്നു. കിണർ കുഴിക്കുമ്പോൾ വേണ്ട ഷീറ്റുകളും സഹായങ്ങളും അയൽവാസിയായ നിയാസാണ് ചെയ്തു നൽകിയത്.