കോട്ടയം: കോട്ടയം ജില്ലയിൽ ലോക്ക് ഡൗണ്‍ തുടങ്ങി. ഇതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതു നിലച്ചു. റോഡുകളിൽ പതിവ് പോലെ ജനതിരക്കില്ല. പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായി നിലച്ചു. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും രാവിലെ മുതൽ സർവീസ് നടത്തുന്നത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോ, ടാക്സികൾ നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നുണ്ട്. പാൽ, പലചരക്ക്, പഴം, പച്ചക്കറികൾ, എന്നിവ വില്പന നടത്തുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നിരിക്കുന്നത്.
വിവിധ റോഡുകളിൽ പോലീസിന്റെ പരിശോധനകളുമുണ്ട്. നിയന്ത്രങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
ഇന്നു രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രമേ കടകൾ തുറക്കാവുവെന്നാണ് നിർദേശം. ഇതു ലംഘിച്ചു രാവിലെ ഏഴിനു തുറന്ന കോട്ടയം നഗരത്തിലെ ചില കടകളിലെ വ്യാപാരികളെ പോലീസെത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും ചെയ്തു.