കോട്ടയം: കോട്ടയത്തും ഇടുക്കിയിലും നിയന്ത്രണങ്ങളിൽ ഇളവില്ല. പോലീസ് പരിശോധന വീണ്ടും ശക്തമാക്കി. കഴിഞ്ഞദിവസം ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
ഇന്നലെ പൊതുജനം കൂട്ടത്തോടെ നിരത്തിലിറങ്ങിയതും ഇളവുകളിൽ കേന്ദ്രസർക്കാർ എതിർത്തതും ലോ ഡൗണ് വീണ്ടും കർശനമാക്കി.
ഞായറാഴ്ച രാത്രിയോടെ പോലീസ് പരിശോധനാ കേന്ദ്രങ്ങൾ പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ ഇന്നു രാവിലെ മുതൽ പോലീസ് വീണ്ടും ഇതേസ്ഥലങ്ങളിൽ വീണ്ടും വാഹന പരിശോധന ശക്തമാക്കി.
വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു കർശന നിയന്ത്രമുണ്ട്. ബാർബർ ഷോപ്പുകൾ പ്രവർത്തിക്കാൻ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും. കഴിഞ്ഞദിവസം നിരവധി നിയന്ത്രണങ്ങൾ പിൻവലിച്ചെന്നു വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ വീണ്ടും നിർദേശങ്ങൾ മാറ്റുകയായിരുന്നു.
കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ ഇന്നു നിലവിൽ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളിൽ മാറ്റം വരുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യങ്ങൾക്കൊഴികെ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മുൻ ദിവസങ്ങളിലേതുപോലെ പോലീസ് പരിശോധന തുടരും.
വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് ഒറ്റ നന്പർ, ഇരട്ട നന്പർ ക്രമീകരണം ഉണ്ടാകില്ല. വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ നടപടി സ്വീകരിക്കും. ഓട്ടോ, ടാക്സി സർവീസുകൾ പാടില്ല. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാഴ്സൽ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ.
സർക്കാർ സ്ഥാപനങ്ങൾ 33 ശതമാനം ജീവനക്കാരുടെ ഹാജർ ഉറപ്പാക്കി പ്രവർത്തിക്കും. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകൾക്കും അംഗീകൃത സ്വകാര്യ ബാങ്കുകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്.
റോഡ് നിർമാണം, ജലസേചനം, കെട്ടിട നിർമാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനുവദിക്കും. വരും ദിവസങ്ങളിലെ ലോക് ഡൗണ് ഇളവുകൾ സംബന്ധിച്ച് സർക്കാർ നിർദേശം ലഭിക്കുന്നതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.
ഇടുക്കി ജില്ലയിൽ തൊടുപുഴ നഗരസഭ പരിധി ഉൾപ്പെടെ ഹോട്ട് സ്പോട്ടുകളായി നിശ്ചയിച്ച ആറിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കളക്ടർ എച്ച് .ദിനേശൻ അറിയിച്ചു. ഇവിടങ്ങളിൽ ലോക് ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങൾ ബാധകമായിരിക്കും. അവശ്യസാധനങ്ങൾ വില്ക്കുന്ന കടകൾക്കു രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കാം.
ഇതോടൊപ്പം ജില്ലയിലെ മറ്റിടങ്ങളിൽ ഷോപ്പിംഗ് മാളുകൾ, വസ്ത്രവ്യാപാരശാലകൾ, സ്വർണക്കടകൾ തുടങ്ങി ആളുകൾ കൂട്ടമായി വരുന്ന വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ പുതുക്കിയ ഉത്തരവ് വരുന്നതുവരെ ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
എന്നാൽ റോഡ് ടാറിംഗ്, കെട്ടിട നിർമാണം, മറ്റ് നിർമാണ പ്രവർത്തനങ്ങൾ വ്യവസായ , കാർഷിക വൃത്തികൾ തുടങ്ങിയവ കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് നടത്താം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം പാടില്ല. പാഴ്സൽ കൊടുക്കാം.
ബാർബർ ഷോപ്പുകൾ തുറക്കാൻ പാടില്ല. ബസ്, ഓട്ടോ, ടാക്സി ഗതാഗതം അനുവദിച്ചിട്ടില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സർക്കാർ നിയന്ത്രണ പ്രകാരമുള്ള സഞ്ചാരം മാത്രമെ അനുവദിക്കൂ . കുമളി ഉൾപ്പെടെ അതിർത്തി മേഖലകളിലും കർശന നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
തമിഴ്നാട്ടിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രത തുടരുന്നത്. അതിർത്തി കടന്നുള്ള കടന്നു കയറ്റം ശ്രദ്ധയിൽപെട്ടതോടെ കുമളി ടൗണിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പഴം പച്ചക്കറിക്കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പന്പുകൾ തുടങ്ങിയവ മാത്രമേ തുറന്നു പ്രവർത്തിക്കാവു എന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
ഇതോടെ കുമളി ടൗണിലെ ബേക്കറികൾ ഉൾപ്പെടെ മറ്റെല്ലാ കടകളും അടക്കണം. ഹോട്ടലുകളിൽ പാഴ്സൽ മാത്രമെ നൽകാൻ പാടുള്ളു. കന്പം, തേനി മേഖലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിലും അനധികൃത മാർഗങ്ങളിലൂടെ കടന്നുകയറ്റം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലുമാണ് കർശന നടപടി വേണ്ടിവന്നത്.