കോട്ടയം: കോവിഡ് ആശങ്ക അതിരുവിടുന്പോൾ കോട്ടയം പൂട്ടപ്പെടുമോ ?. ഇന്നലെ കളക്ടറുടെ കാര്യാലയത്തിലെ ഡഫേദാരായ കോട്ടയം സ്വദേശിക്ക് രോഗം പിടിപെട്ടതോടെ ജില്ലാ കളക്ടർ എം. അഞ്ജന, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ഉമ്മൻ ഉൾപ്പെടെ 14 പേർ ക്വാറന്റൈനിലാണ്.
ജില്ലാ ഭരണസിരാ കേന്ദ്രത്തിൽ കോവിഡ് രോഗികളുടെ സാന്നിധ്യം വന്നതോടെ പല ഓഫീസുകളിലും നിയന്ത്രണം കർശനമാക്കി. കോട്ടയം നഗരത്തിനു സമീപപ്രദേശങ്ങളും ആശങ്കയുടെ വക്കിലാണ്. സന്പർക്കം മുഖേന രോഗം പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
ചിങ്ങവനം, ചങ്ങനാശേരി, മൂലേടം, തിരുവാർപ്പ്, കുമരകം, അയ്മനം, വൈക്കം, ടിവി പുരം തുടങ്ങിയ പ്രദേശങ്ങളിൽ രോഗികൾ വർധിക്കുകയാണ്. സന്പർക്കം മുഖേന രോഗികളുടെ എണ്ണം വർധിച്ചതോടെ കോട്ടയത്തിനു പൂട്ടുവീഴുമോയെന്നു ആശങ്കയുണ്ട്.
ഇന്നലെ 80 പേർക്കു പുതിയതായി കോവിഡ് സ്ഥിരീകരിച്ചതുൾപ്പെടെ ജില്ലക്കാരായ 389 പേരാണ് ചികിത്സയിലുള്ളത്. ചങ്ങനാശേരി, കോട്ടയം, വൈക്കം മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലയിൽ വ്യാപനം കൂടിയാൽ പൂട്ടിപ്പെടാൻ സാധ്യതയേറേയാണ്. എന്നാൽ ഇതുസംബന്ധിച്ചു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
ജനങ്ങളും വ്യാപാരികളും ജാഗ്രത പാലിക്കണമെന്നു കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. കോട്ടയം മാർക്കറ്റിലും ടൗണിലും മൈക്ക് അനൗണ്‍സ്മെന്റ് ആരംഭിച്ചു. എല്ലാ റോഡുകളിലും ജാഗ്രതാ നിർദേശം മൈക്ക് അനൗണ്‍മെന്റ് മുഖേന നൽകും.