കോട്ടയം: സന്പൂർണ ലോക്ക് ഡൗണിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പോലീസ്.ജില്ലയിലെ നിലവിലുള്ള അഞ്ചു പോലീസ് സബ്-ഡിവിഷനുകൾക്കു പുറമെ നാലു ഡിവിഷനുകൾ കുടി രൂപീകരിച്ച് ഒന്‍പത് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലേക്ക് വരുന്ന പ്രധാന 12 റോഡുകളിൽ കർശനമായ വാഹന പരിശോധന ഉണ്ടായിരിക്കും. ജില്ലയ്ക്കകത്തു 95 സ്ഥലങ്ങളിൽ വാഹന പരിശോധനയും 75 വെഹിക്കിൾ പെട്രോളിംഗമുണ്ട്. ജില്ലയിലെ പ്രധാന അതിർത്തികളിൽ 24 മണിക്കൂറും വാഹന പരിശോധന നടത്തും.
ജില്ലയിൽ മൊത്തം 100 ബൈക്ക് പട്രോളിംഗും ഉണ്ടായിരിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കേസിലുൾപ്പെടുന്നവരുടെ പാസ്പോർട്ട് ലഭിക്കാൻ കാലതാമസം നേരിടുകയും ചെയ്യും.
ജില്ലയിലാകെ1,200 പോലീസുദ്യോഗസ്ഥരെ ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.കൂടാതെ എക്സൈസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, പോലീസ് വോളന്റിയേഴ്സ് തുടങ്ങിയവരും ഡ്യൂട്ടിക്കുണ്ട്.
ജില്ലാ അതിർത്തികളിൽ കർശന പരിശോധന
കോട്ടയം: ഇന്ന് ലോക് ഡൗണ്‍ തുടങ്ങുന്നതോടെ ജില്ലാ അതിർത്തികളിൽ പരിശോധന കർക്കശമാക്കും.ആരോഗ്യം, പാൽ, പത്രം, അവശ്യസേവനം എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങൾ ഒഴികെ ജില്ലാതിർത്തി കടക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിൽ ചരക്കുകളുമായി വന്ന ട്രക്കുകളും മറ്റ് വാഹനങ്ങളും ഇന്നലെത്തന്നെ തിരികെ പോകാൻ നിർദേശമുണ്ടായി.
ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന വാഹനങ്ങളുടെ പരിശോധനയും കർക്കശമാക്കും.കന്പം, തേനി എന്നിവിടങ്ങളിലേക്ക് ഭക്ഷ്യസാധനങ്ങൾക്ക് പോയ വാഹനങ്ങൾക്ക് ഇന്നലെ വൈകുന്നേരം മുതൽ നിയന്ത്രണം ഏർപ്പെടുത്തി.
അവിടെ നിന്നും തിരികെ എത്തുന്ന വാഹനങ്ങളും പരിശോധനയ്ക്കുശേഷമേ കേരളത്തിലേക്ക് കടത്തിവിടൂ. ആശുപത്രികളിലേക്ക് പോകുന്നവരുടെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല.
ഇന്ന് മുതൽ 16 വരെ ബസ് ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. അവശ്യസാഹചര്യത്തിൽ ഒഴികെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ല.
കടകന്പോളങ്ങൾ നിശ്ചിത സമയത്തു മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്രകൾക്ക് രേഖകൾ കൈവശം വയ്ക്കമെന്നാണ് നിർദേശം.
ആരാധനാലയങ്ങളിലേക്കും വിനോദസഞ്ചാരത്തിലും ഉൾപ്പെടെ യാത്രകൾ അനുവദിക്കില്ല. അവശ്യയാത്രകളിൽ വാഹനത്തിനുള്ളിലും മാസ്ക് ധരിക്കണം.